
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നസ്‌റിയ നസീം വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ടീസർ റിലീസായി. നാനി നായകനായെത്തുന്ന ചിത്രത്തിലൂടെയാണ് രണ്ട് വർഷത്തിന് ശേഷം നസ്രിയ തിരിച്ചെത്തുന്നത്.
മൂന്ന് ഭാഷകളിലായി എത്തുന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര് 'ആഹാ സുന്ദരാ' എന്നാണ്. ‘അണ്ടേ സുന്ദരാനികി’ എന്നാണ് തെലുങ്കിലെ പേര്. വിവേക് ആത്രേയ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് നവീൻ യെർനേനിയും രവി ശങ്കറുമാണ്.
ഫഹദ് ഫാസിൽ ചിത്രം ട്രാൻസ്, ജേക്കബ് ഗ്രിഗറി ചിത്രം മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളായിരുന്നു താരം അവസാനമായി അഭിനയിച്ചത്.
മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ലീല തോമസ് എന്ന ക്രിസ്‌ത്യൻ കഥാപാത്രമായി നസ്രിയയും സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു. ഹർഷ വർദ്ധൻ, നാദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജൂൺ 10ന് ചിത്രം റിലീസിനെത്തും. നസ്രിയയുടെ തെലുങ്കിലേയ്ക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അണ്ടേ സുന്ദരാനികി.