
കോഴിക്കോട് : ഡി.വൈ.എഫ്.ഐ നേതാവ് ഷെജിന്‍- ജോയ്‌സ്‌ന വിവാഹത്തെ തുടർന്നുള്ള ലൗ ജിഹാദ് പരാമര്‍ശത്തില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം തോമസിന് പരസ്യ ശാസന. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് മുൻ എം,എൽ.എയ്ക്കെതിരെ നടപടിയെടുത്തത്.
അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രത പാലിക്കണം. പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിച്ചു വേണം പ്രതികരണങ്ങള്‍ നടത്തേണ്ടത് എന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.വിഷയത്തില്‍ വന്ന വീഴ്ച പാര്‍ട്ടി ഗൗരവമായി പരിശോധനയ്ക്ക് വിധേയമാക്കി. പരസ്യമായി നടത്തിയ അഭിപ്രായ പ്രകടനം പാര്‍ട്ടി ആവര്‍ത്തിച്ചു തള്ളി പറഞ്ഞു. ജോര്‍ജ് എം തോമസ് ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടി സ്വീകരിച്ചതെന്നും പി മോഹനന്‍ വ്യക്തമാക്കി.
പാര്‍ട്ടി അറിയാതെ നടത്തിയ വിവാഹം ലവ് ജിഹാദ് ആണെന്നായിരുന്നു ജോര്‍ജ് എം തോമസിന്റെ വിവാദ പരാമര്‍ശം. ലവ് ജിഹാദിനെ പറ്റി സിപിഎം പാര്‍ട്ടി രേഖകളിലും പറയുന്നുണ്ടെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞിരുന്നു. ജോർജ് എം.തോമസിന്റെ നിലപാടിനെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തള്ളിപ്പറഞ്ഞിരുന്നു.