tt

പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മൂന്നു പ്രതികളും റിമാൻഡിൽ. എലപ്പുള്ളി വടക്കോട് കള്ളിമുള്ളി സ്വദേശി രമേഷ് (41), എടുപ്പുകുളം എൻ.വി ചള്ള ആറുമുഖൻ (37), മരുതറോഡ് ആലമ്പള്ളം സ്വദേശി ശരവണൻ (33) എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതികളെ ചിറ്റൂർ സബ് ജയിലിലേക്ക് മാറ്റി. വൻ പൊലീസ് സുരക്ഷയോടെയാണ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഇവരെ ഹാജരാക്കിയത്. മലമ്പുഴ ജില്ലാ ജയിലിലും ഒറ്റപ്പാലം സബ് ജയിലിലും എസ്.ഡി.പി.ഐ പ്രവർത്തകർ തടവിൽ കഴിയുന്നതിനാൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തുടർന്നാണ് ചിറ്റൂർ സബ് ജയിലിലേക്ക് മാറ്റിയത്. പ്രതികൾക്ക് തിരിച്ചറിയൽ പരേഡുള്ളതിനാൽ പ്രത്യേകം ഐസ്വലേഷനിൽ താമസിപ്പിക്കാനും കോടതി ഉത്തരവിട്ടു. തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്ന് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് നൽകും. അതിനുശേഷമേ പൊലീസ് കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകൂ. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പി. പ്രേംനാഥ് ഹാജരായി.
കസ്റ്റഡിയിൽ വാങ്ങിയശേഷം കൊലപാതകം നടന്ന സ്ഥലത്തടക്കം പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിനു ഉപയോഗിച്ച നാല് വടിവാൾ എലപ്പുള്ളി മണ്ണുക്കാട് കോരയാർ പുഴയിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. വാളുകൾ ഒരുമിച്ച് കൂട്ടിക്കെട്ടി ചെളിയിൽ പൂഴ്ത്തിയ നിലയിലായിരുന്നു. കൊലപാതകത്തിനുശേഷം പ്രതികൾ ഒളിവിൽ കഴിഞ്ഞ എലപ്പുള്ളി താഴെ പോക്കാംതോടും പ്രതികളെ എത്തിച്ച് തെളിവെടുത്തിരുന്നു. കൊലപാതകസമയത്ത് പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തു. ഇവിടെനിന്ന് ഭക്ഷണവും മദ്യവും കഴിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് തങ്ങളാണെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം തുടരുകയാണ്.