jj

ന്യൂഡല്‍ഹി: ഡൽഹി ഉൾപ്പെടെ രാജ്യത്ത് പലഭാഗങ്ങളിലും കൊവിഡ് കേസുകരൾ വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐ.സി.എം.ആർ മുൻ ചീഫ് സയന്റിസ്റ്റ് ഡോ. ആര്‍. ഗംഗാഖേദ്‌കര്‍ വ്യക്തമാക്കി. പുതിയ കൊവിഡ് കേസുകളുടെ വർദ്ധന നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണിന്റെ ഉപവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ പുതിയ വകഭേദങ്ങളൊന്നും ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത്ട്ടില്ലെന്നും അതിനാല്‍ നാലാം തരംഗത്തിന് സാദ്ധ്യത കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് കൊവിഡ് കേസുകൾ വ്യാപിക്കുന്നതിൽ ഭൂരിഭാഗവും ബിഎ.2 വേരിയന്റാണ് ലോക്ക്‌ഡൗണുകൾ പിൻവലിച്ച ശേഷം സ്കൂളുകളും കോളേജുകളും സ‌ർക്കാർ ഓഫീസുകളും തുറന്നതും നിയന്ത്രണങ്ങൾ പിൻവലിച്ചതുമാണ് ഇപ്പോൾ രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണം. രോഗികളുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ മാസ്‌ക് ഉപയോഗം ഒഴിവാക്കിയതും ഇപ്പോഴത്തെ രോഗവ്യാപനത്തിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

രോഗം പിടിപെടുമെന്ന ഭയമില്ലാതായതോടെ പലരും മാസ്‌ക് ഉപയോഗം കുറച്ചു. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അവര്‍ക്കെല്ലാം രോഗം ബാധിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ലോക്ക്‌ഡൗണില്‍ ഇളവുവരുത്തുമ്പോള്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങളുണ്ടാകും. ചെറിയ തോതില്‍ കേസുകളും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഒമിക്രോണ്‍ മൂലമുള്ള രോഗവ്യാപനം ആറ് മുതല്‍ ഒമ്പത് മാസം വരെ നിലനില്‍ക്കുമെന്നും റീകോംമ്പിനന്റ് വകഭേദങ്ങള്‍ നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.