kk

മലപ്പുറം : സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയ. മത്സരം അവസാനിച്ചപ്പോൾ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. 17 ാം മിനുട്ടില്‍ കേരളമാണ് ആദ്യ ലീഡെടുത്തത്. 40 ാം മിനുട്ടില്‍ മേഘാലയ സമനില പിടിച്ചു. 55 ാം മിനുട്ടില്‍ മേഘാലയ ലീഡ് എടുത്തെങ്കിലും ആ ലീഡിന് മൂന്ന് മിനുട്ടിന്റെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്.

49 ാം മിനുട്ടില്‍ മേഘാലയന്‍ ബോക്‌സിലേക്ക് കുതിച്ച ജെസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ജിജോ ജോസഫ് ബാറിന് മുകളിലൂടെ പുറത്തേക്ക് അടിക്കുകയും ചെയ്തു. കേരളത്തിനായി മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് ഷഹീഫ് എന്നിവരാണ് ഗോള്‍ നേടിയത്. മേഘാലയക്ക് വേണ്ടി കിന്‍സായിബോര്‍ ലൂയിഡ്, ഫിഗോ സിന്‍ഡായി എന്നിവര്‍ ഗോള്‍ നേടി. സിന്‍ഡായിയുടെ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഗോളാണ്. മൂന്ന് മത്സരത്തില്‍ രണ്ട് വിജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റുമായി കേരളമാണ് ഗ്രൂപ്പ് എയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റുമായി മേഘാലയയാണ് രണ്ടാമത്. സെമി ഫൈനല്‍ യോഗ്യത നേടാന്‍ കേരളം ഒരു മത്സരം കൂടെ കാത്തിരിക്കണം. വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.