aap

റായ്‌പൂർ: അടുത്തവ‌ർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസത്തിൽ ആം ആദ്‌മി പാർട്ടി. ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിച്ച പാർട്ടി ഛത്തീസ്‌ഗഡിൽ സർക്കാർ രൂപീകരിക്കാനാകുമെന്ന് ഉത്തമവിശ്വാസത്തിലാണ്.

ആംആ‌ദ്മി പാർട്ടി നേതാവും ഡൽഹി പരിസ്ഥിതി മന്ത്രിയുമായ ഗോപാൽ റായ് സർക്കാർ രൂപീകരണത്തെക്കുറിച്ച് ഉറപ്പ് അറിയിച്ചു. റായ്‌പൂരിലും ബിലാസ്‌പൂരിലും വിജയത്തിന് ശേഷം റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കോൺഗ്രസ് സർക്കാർ അഴിമതി സർക്കാരാണെന്ന് ആപ് ആരോപിക്കുന്നു. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പോലും പണംനൽകുന്നു. സാധാരണക്കാരെയും കർഷകരെയും അവഗണിക്കുന്നു. ആദിവാസികൾക്കും നൽകിയ വാഗ്‌ദാനങ്ങൾ കോൺഗ്രസ് സർക്കാർ നടപ്പാക്കിയില്ല.

കർണാടകയിലും വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി നിർണായക സ്ഥാനം നേടുമെന്ന് ഗോപാൽ റായ് പറഞ്ഞു. 40000 കർഷകരെ അണിനിരത്തി റാലി സംഘടിപ്പിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ തന്നെ ഈ റാലിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.