
അയൽവാസികളില്ലാതെ മറ്റാരുടെയും ശല്യമില്ലാതെ ശാന്തമായി കഴിയണോ. അങ്ങനെ ആഗ്രഹിക്കുന്നവരെ കാത്ത് ഇതാ ഒരു വീട്. ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട വീട് എന്ന വിശേഷിപ്പിക്കുന്ന ഈ വീട് ഇപ്പോൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. അമേരിക്കയിലെ വാഷിങ്ടൺ കൗണ്ടിയിലെ വൊഹോവ ബേയിലുള്ള വീടിന് 2, 60,000 പൗണ്ടാണ് (ഏകദേശം രണ്ടരക്കോടി രൂപ ) വിലയിട്ടിരിക്കുന്നത്.
അറ്റ്ലാന്റിക് സമുദ്രത്തിലെ വിജനമായ ഡക്ക് ലഡ്‌ജസ് എന്ന ചെറുദ്വീപിലാണ് ഈ വീടുള്ളത്. ഒന്നര ഏക്കറാണ് ഇവിടുത്തെ വിസ്‌തൃതി. ഒരു മരം പോലുമില്ലെങ്കിലും പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാം എന്നാണ് വാഗ്ദാനം. ശാന്തമായ അന്തരീക്ഷം വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും വീടിന് ചെറിയ ഒറു പ്രശ്നമുണ്ട്. ബാത്ത്‌റൂമുകൾ ഇല്ല എന്നതാണ് അത്. വീട്ടിൽ നിന്നും ഏതാനും മീറ്ററുകൾ അകലെയായി ദ്വീപിന്റെ മറ്റൊരു ഭാഗത്താണ് ബാത്ത്‌റൂം സൗകര്യം ഒരുക്കിയിരിക്കുന്നത്. ചുറ്റും വെളിച്ചമില്ലാത്തതിനാൽ രാത്രിനേരങ്ങളിലാണ് ഇതിന്റെ ബുദ്ധിമുട്ടറിയാൻ പോകുന്നത്.
പൂർണമായും തടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. കരയിൽനിന്നും ബോട്ടിൽ അല്പദൂരം യാത്ര ചെയ്താൽ ഇവിടെയെത്താം. 2009ൽ നിർമിച്ച വീട്ടിൽ ഒരു കിടപ്പുമുറി മാത്രമേയുള്ളൂ. ധാരാളം ജനാലകൾ ഉള്ളതിനാൽ കടൽക്കാഴ്‌ചകൾ കണ്ടും കടൽകാറ്റേറ്റും സമയം ചെലവഴിക്കാം. വിശാലമായ ഹാളിന്റെ ഒരു ഭാഗത്തായി ഓപ്പൺ കിച്ചൺ സജ്ജമാക്കിയിട്ടുണ്ട്. വീടിന്റെ തറയും കാബിനുകളും ഫർണിച്ചറുകളും തടിയിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

ലിവിംഗ് ഏരിയ, ഡൈനിംഗ്ഏ രിയ എന്നിവയും ഇതേ ഹാളിൽ തന്നെയാണ് ക്രമീകരിച്ചിട്ടുള്ളത്. ഹാളിനു മുകളിൽ ഒരു തട്ട് എന്ന നിലയിലാണ് കിടപ്പുമുറി ക്രമീകരിച്ചിരിക്കുന്നത്. മേൽക്കൂരയോട് ചേർന്നു നിൽക്കുന്ന കിടപ്പുമുറിയിലേക്ക് കയറാനായി ഹാളിനുള്ളിൽ നിന്നും ഒരു ഏണിയുമുണ്ട്.