
മുംബയ്: വെസ്‌റ്റ് ഇൻഡീസ് ഏകദിന, ടി20 ക്രിക്കറ്റ് ടീം നായകൻ കീറോൺ പൊളളാർഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് വഴിയാണ് പൊളളാർഡ് വിവരം അറിയിച്ചത്. വിൻഡീസിന് വേണ്ടി 224 മത്സരങ്ങളാണ് ഏകദിനത്തിലും ടി20യിലുമായി പൊളളാർഡ് കളിച്ചത്. ഐപിഎല്ലിൽ മുംബയ് ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന താരം നാളത്തെ ചെന്നൈയുമായുളള പോരാട്ടത്തിന് മുമ്പാണ് ഈ വിവരം പുറത്തുവിട്ടത്.
'സൂക്ഷ്‌മമായ ആലോചനകൾക്ക് ശേഷം ഞാൻ അന്താരാഷ്‌ട്ര ക്രിക്കറ്രിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചു. കുട്ടിയായിരുന്നപ്പോൾ മുതൽ വെസ്‌റ്റ് ഇൻഡീസ് ക്രിക്കറ്റിനെ പ്രതിനിധീകരിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. 15 വർഷത്തോളം ടി20യിലും ഏകദിനത്തിലും വിൻഡീസ് ക്രിക്കറ്റിനെ പ്രതിനിധീകരിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.' പൊളളാർഡ് പോസ്‌റ്റിൽ പറയുന്നു.
2007ൽ ബ്രയാൻ ലാറ നായകനായ സമയത്താണ് പൊളളാർഡ് ഏകദിന ക്രിക്കറ്റിലൂടെ രംഗത്തെത്തിയത്. നീണ്ട 15 വർഷത്തെ കരിയറിൽ ഓൾറൗണ്ടറായ അദ്ദേഹം 123 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. 2706 റൺസ് നേടി. ബാറ്റിംഗ് ശരാശരി 26.02 ആണ്. 55 വിക്കറ്റും നേടിയിട്ടുണ്ട്. ടി20യിൽ ആറ് പന്തിലും ആറ് സിക്‌സറുകൾ എന്ന റെക്കാഡ് നേടിയ താരംകൂടിയാണ് പൊളളാർഡ്.ശ്രീലങ്കയ്‌ക്കെതിരെ 2021 മാർച്ചിൽ അതുവരെ മത്സരത്തിൽ തിളങ്ങിനിന്ന അഖില ധനഞ്ജയയെയാണ് പൊളളാർഡ് അതിർത്തി കടത്തിയത്. അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിൽ യുവരാജ് സിംഗിനും അമേരിക്കയുടെ ജസ്‌കരൺ മൽഹോത്രയ്‌ക്കും മാത്രമാണ ഈ റെക്കാഡ് ഉളളത്. 101 ടി20 മത്സരങ്ങളിൽ 1569 റൺസാണ് പൊളളാർഡ് നേടിയത്. 42 വിക്കറ്റുകളും.