pic

ന്യൂയോർക്ക് : ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള അമേരിക്കൻ പോപ് ഗായികയാണ് ടെയ്‌ലർ സ്വിഫ്റ്റ്. മനുഷ്യർക്കിടെയിൽ മാത്രമല്ല, ഇപ്പോഴിതാ ജന്തുലോകത്തും ടെയ്‌ലറിന്റെ പേര് പ്രസിദ്ധമായിരിക്കുകയാണ്. ടെയ്‌ലർ സ്വിഫ്റ്റിനോടുള്ള ആധര സൂചകമായി വടക്കേ അമേരിക്കയിലെ അപ്പലേച്ചിയൻ പർവതനിരകളിൽ കാണപ്പെടുന്ന ഒരു തേരട്ട സ്പീഷീസിന് " നന്നാരിയ സ്വിഫ്റ്റേ " എന്ന് പേരിട്ടിരിക്കുകയാണ്. ! ഈ മേഖലയിൽ കണ്ടെത്തിയ പുതിയ 17 തേരട്ട സ്പീഷീസിൽ ഒന്നാണിത്. നന്നാരിയ സ്വിഫ്റ്റേയ്ക്ക് 18 മുതൽ 38 മില്ലീമീറ്റർ വരെ നീളമുണ്ട്. ബ്രൗൺ, കറുപ്പ് നിറം കലർന്ന ശരീരത്തിൽ ചുവപ്പ്, ഓറഞ്ച് നിറങ്ങളിലെ പാടുകളോട് കൂടിയവയാണ് ഈ തേരട്ടകൾ.

ഇതാദ്യമായല്ല ഒരു പുതിയ സ്പീഷീസിന് ശാസത്രലോകം സെലിബ്രിറ്റിയുടെ പേര് നൽകുന്നത്. ജമൈക്കൻ ഗായകൻ ബോബ് മെർലി, ഇംഗ്ലീഷ് എതോളജിസ്റ്റും പരിണാമ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ റിച്ചാർഡ് ഡോക്കിൻസ്, അമേരിക്കൻ ഗായിക ബിയോൺസെ, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ഡൊണാൾഡ് ട്രംപ് തുടങ്ങിയവരുടെ പേരുകൾ ഇത്തരത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

ഹോളിവുഡ് നടൻ ലിയനാർഡോ ഡി കാപ്രിയോയുടെ പേരിൽ ' സ്പിൻതാറസ് ലിയനാർഡോ ഡി കാപ്രിയോയി ' എന്ന ചിലന്തിയുണ്ട്. സ്വന്തം തല മണ്ണിലേക്ക് ഒളിച്ചു വയ്‌ക്കുന്ന ഒരുതരം ഉഭയജീവി‌യ്‌ക്ക് ഡൊണാൾഡ് ട്രംപിന്റെ പേരാണ്; ' ഡെർമോഫിസ് ഡോണാൾഡ് ട്രംപൈ'.

മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു പോലെ അപകടകാരികളായ, ഗുഹകളിൽ കാണപ്പെടുന്ന ഒരിനം വണ്ടിന് നൽകിയിരിക്കുന്ന ശാസ്ത്രനാമം 'അനേഫ്‌താൽമസ് ഹിറ്റ്ലെറി ' എന്നാണ്.