
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്താരം തുടങ്ങും മുമ്പ് സാക്ഷിമൊഴികൾ മാറ്റിപ്പറയിക്കാൻ ശ്രമിച്ചതിനുള്ള കൂടുതൽ തെളിവുകൾ പുറത്തായി. ദിലീപിന്റെ സഹോദരൻ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന അനൂപും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയും തമ്മിലുള്ള ശബ്ദരേഖയാണ് ഇന്നലെ പുറത്തു വന്നത്.
ദിലീപിന് ജയിലിൽ നിന്ന് പൾസർ സുനി അയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് ദിലീപിന്റെ അഭിഭാഷകനായ ബി. രാമൻപിള്ള അനൂപിനെ പഠിക്കുന്നത്. കഴിഞ്ഞ ദിവസം അനൂപും മറ്റൊരു അഭിഭാഷകനായ ഫിലിപ് ടി. വർഗീസും തമ്മിലുള്ള ശബ്ദരേഖ പുറത്തുവന്നിരുന്നു.
നടി മഞ്ചു വാര്യർക്കെതിരെ മൊഴി നൽകണമെന്നതുൾപ്പെടെ, ദിലീപിന്റെ സഹോദരനും പ്രോസിക്യൂഷൻ സാക്ഷിയുമായ അനൂപിന് ദിലീപിന്റെ അഭിഭാഷകൻ . ഫിലിപ് ടി. വർഗീസ് നിർദ്ദേശം നൽകുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
ദിലീപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിനു തെളിവായാണ് പ്രോസിക്യൂഷൻ ഈ ശബ്ദരേഖ കോടതിക്ക് കൈമാറിയത്. മഞ്ചു മദ്യപിക്കാറുണ്ടോയെന്ന് അഭിഭാഷകൻ ചോദിക്കുമ്പോൾ 'എനിക്കറിയില്ല, ഞാൻ കണ്ടിട്ടില്ല' എന്നായിരുന്നു അനൂപിന്റെ മറുപടി. മഞ്ചു മദ്യപിക്കുമെന്ന് കോടതിയിൽ മൊഴി നൽകണമെന്നാണ് അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്നത്. 'മഞ്ചു പലവട്ടം മദ്യപിച്ച് വീട്ടിൽ വന്നിട്ടുണ്ട്. വീട്ടിൽ എല്ലാവർക്കും അതറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടൻ നോക്കാമെന്നല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മിൽ ഞങ്ങളുടെ മുന്നിൽവച്ച് തർക്കമുണ്ടായിട്ടില്ല. പത്തു വർഷത്തിലേറെയായി ചേട്ടൻ മദ്യം തൊടാറില്ല...' ഇത്തരത്തിൽ പറയണമെന്നാണ് അഭിഭാഷകന്റെ ഉപദേശം.
നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്ന വാദത്തിന് നൽകേണ്ട മൊഴികളും അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുത്തിരുന്നു. സംഭവദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയുമുണ്ടായിരുന്നു, പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയിൽ പോയി കാണുമായിരുന്നു എന്ന് പറയണമെന്ന് അഭിഭാഷകൻ പറഞ്ഞുകൊടുക്കുന്നുണ്ട്.സംവിധായകൻ ശ്രീകുമാർ മേനോനും നിർമ്മാതാവ് ലിബർട്ടി ബഷീറും ശത്രുവാണ്. ശ്രീകുമാർ മേനോനും മഞ്ചു വാര്യരും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഗുരുവായൂരിലെ ഡാൻസ് പ്രോഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണം. മഞ്ചുവും ദിലീപും തമ്മിൽ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നെന്ന് പറയാനും അനൂപിനെ പഠിപ്പിക്കുന്നുണ്ട്.
കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകിയത് 2017 ഏപ്രിൽ 17നായിരുന്നു. ഏപ്രിൽ 10നാണ് ദിലീപിന് ജയിലിൽ വച്ച് സുനിൽ കത്തെഴുതിയത്. കത്ത് ദിലീപിന് കൈമാറാൻ സുനിയുടെ ആവശ്യപ്രകാരം സഹതടവുകാരൻ വിഷ്ണു ദിലീപിന്റെ വിട്ടിലെത്തിയിരുന്നു. ദിലിപിന്റെ മാനേജർ അപ്പുണ്ണിയെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ എങ്ങനെ തിരുത്തണമെന്ന് രാമൻപിള്ള അനൂപിനെ ഉപദേശിക്കുന്നു. അനൂപിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് ക്രൈംബ്രാഞ്ചിന് ശബ്ദരേഖ ലഭിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ നൽകുന്ന അപേക്ഷകളിലെയും സത്യവാങ്മൂലങ്ങളിലെയും വിവരങ്ങൾ മാദ്ധ്യമങ്ങളുൾപ്പെടെ ആർക്കും നൽകരുതെന്ന് ഹൈക്കോടതി നിർദ്ദേശം. തുടരന്വേഷണത്തിന് ഒന്നരമാസം കൂടി അനുവദിച്ച ഉത്തരവിലാണ് നിർദ്ദേശമുള്ളത്. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. ഇക്കാര്യം പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഉറപ്പാക്കണം. തുടരന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് അന്വേഷണസംഘം കോടതിയിൽ നൽകിയ അപേക്ഷയിലെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചതു ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇങ്ങനെ നിർദ്ദേശിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.