
ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. ഇന്ന് രാവിലെ അഹമ്മദാബാദിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ ഗവർണർ ആചാര്യ ദേവവ്രതും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്നാണ് സ്വീകരിച്ചത്.
ബോറിസ് ജോൺസൺ നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക, സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് സന്ദർശനത്തിലൂടെ ബോറിസ് ജോൺസൺ ലക്ഷ്യമിടുന്നത്.
UK PM Boris* Johnson arrives in Ahmedabad, Gujarat. He is on a 2-day India visit pic.twitter.com/yzwlX5Dppg
— ANI (@ANI) April 21, 2022
പ്രതിരോധം, നയതന്ത്രം, സാമ്പത്തിക പങ്കാളിത്തം എന്നിവയെക്കുറിച്ച് മോദിയുമായി ചർച്ച നടത്തും. വിവിധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും. ഭീകരവാദത്തിനെതിരായ നയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവും.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ച നടത്തും. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം ആദ്യമായിട്ടാണ് ഇന്ത്യയിലെത്തുന്നത്. നേരത്തെ ഇന്ത്യാ സന്ദർശനം തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു.