mars

ലോകത്തിലെ മുൻനിര ബഹിരാകാശ ഏജൻസികളെല്ലാം നോട്ടമിട്ടിരിക്കുന്നത് ചൊവ്വ ഗ്രഹത്തെയാണ്. ഭൂമിയെപ്പോലെ ചൊവ്വയിലും മനുഷ്യവാസം സാദ്ധ്യമാകുമെന്ന് തന്നെയാണ് എല്ലാ ബഹിരാകാശ ശാസ്ത്രജ്ഞരുടെയും പ്രതീക്ഷ. ഇതിന്റെ ഭാഗമായി നിരവധി പരീക്ഷണങ്ങളാണ് ലോകത്ത് നിരന്തരം നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു പരീക്ഷണത്തിലൂടെ ചൊവ്വയിൽ കെട്ടിടങ്ങൾ നിർമിക്കാൻ സഹായിക്കുന്ന സ്പേസ് ബ്രിക്സ് (ബഹിരാകാശ ഇഷ്ടികകൾ) വികസിപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. ഇഷ്ടികകളായി രൂപാന്തരപ്പെടുന്ന ബാക്ടീരിയകളെ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി (ഐഐഎസ്‌സി) ചേർന്നാണ് ഐഎസ്ആർഒയുടെ പരീക്ഷണം. ബയോമിനറലൈസേഷൻ എന്ന സ്വാഭാവിക പ്രക്രിയയിലൂടെയാണ് ഇത് സാദ്ധ്യമാക്കിയത്.

മനുഷ്യർക്കും മറ്റ് ശാസ്ത്രജ്ഞർക്കുമൊക്കെ ചൊവ്വയിൽ താമസിക്കുവാനും പരീക്ഷണങ്ങൾ നടത്തുവാനും കെട്ടിടങ്ങൾ ആവശ്യമായി വരും. അതിനാൽ തന്നെ ഇവ നിർമിക്കാനുള്ള സാമഗ്രികളും അവിടെയെത്തണം. ഭൂമിയിൽ നിന്ന് നിന്ന് ബഹിരാകാശത്തേക്ക് ഭാരമുള്ള ഇഷ്ടികകൾ ഉൾപ്പടെയുള്ള വസ്തുക്കൾ വലിയ അളവിൽ കൊണ്ടുപോവുക എന്നത് ചെലവേറിയതും സമയനഷ്ടം വരുത്തുന്നതുമായ കാര്യമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു ഗവേഷണത്തിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ഈ പരീക്ഷണത്തലൂടെ ഇഷ്ടികകൾക്ക് പകരം ഈ ബാക്ടീരിയകളെ മാത്രം കൊണ്ടു പോയാൽ മതിയാകും. അവ നിർമാണം നടത്തേണ്ട സ്ഥലത്ത് വച്ച് കട്ടകൾ നിർമിക്കും.

In collaboration with @isro researchers, an IISc team has developed a sustainable method for making bricks out of Martian soil, using bacteria and urea, which could be used to construct building-like structures on #Marshttps://t.co/70U0V20Hcq#IIScresearch pic.twitter.com/Tow4JZphcf

— IISc Bangalore (@iiscbangalore) April 20, 2022


ചില പ്രത്യേകതരം ബാക്ടീരിയകൾക്ക് സവിശേഷ സാഹചര്യങ്ങളിൽ മൈക്രോബിയൽ ഇൻഡ്യൂസ്ഡ് കാൽസൈറ്റ് പ്രസിപിറ്റേഷൻ (എംഐസിപി) എന്ന സ്വാഭാവിക പ്രക്രിയ ഉപയോഗിച്ച് മണ്ണിൽ കാൽസ്യം കാർബണേറ്റ് നിർമിക്കുവാനുള്ള കഴിവുണ്ട്. ഈ പ്രക്രിയയിൽ ഭൂമിയിലെ മണ്ണിന് പകരം മാർഷ്യൻ സിമുലന്റ് സോയിൽ (എംഎസ്എസ്) എന്നറിയപ്പെടുന്ന ചൊവ്വയിലെ മണ്ണിന് സമാനമായ പദാർത്ഥം ഉപയോഗിച്ചാണ് ഐഐഎസ്സിയിലെ ഡോ. അലോക് കുമാറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയത്.

സ്‌പോറോസാർസിന പാസ്ച്യുറി എന്ന ബാക്ടീരിയെയാണ് ഈ പരീക്ഷണത്തിനായി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്. യൂറിയയും കാൽസ്യവും ഉപയോഗിച്ചുള്ള ഉപാപചയ പ്രക്രിയയിലൂടെ ഈ ബാക്ടീരിയകൾ കാൽസ്യം കാർബണേറ്റ് തരികൾ നിർമിക്കുന്നതെന്ന് ഡോ. അലോക് കുമാർ പറഞ്ഞു. ബയോമിനറലൈസേഷൻ എന്ന പ്രക്രിയ ഭൂമിയിലെ ജീവന്റെ ആവിർഭാവവുമായി വളരെ ബന്ധമുള്ളതാണെന്നും അദ്ദേഹം ഒരു ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. മാർഷ്യൻ സിമുലന്റ് സോയിലിൽ ബാക്ടീരിയകൾ നിർമിക്കുന്ന ഈ ഇഷ്ടികകൾ തമ്മിൽ ചേർത്തു നിറുത്താൻ പ്രകൃതിദത്തമായ ഗ്വാർ ഗം എന്ന ഒരു പോളിമറാണ് ഉപയോഗിക്കുന്നത്.