okinawa-praise-pro

മുംബയ്: പ്രമുഖ ബ്രാൻഡുകളുടെ വൈദ്യുത വാഹനങ്ങൾ തലങ്ങും വിലങ്ങും തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ വാർത്തകളാണ് കുറച്ച് ദിവസങ്ങളായി നാം കേൾക്കുന്നത്. എന്നാൽ ഇത് ഇലക്ട്രിക് വാഹനങ്ങളുടെ പ്രശ്നമല്ലെന്നും മറ്റെന്തെങ്കിലും ബാഹ്യമായ ഘടകങ്ങളായിരിക്കാമെന്നും ഇലക്ട്രിക് വാഹന നിർമാതാക്കൾ ആവുന്നിടത്തോളം പറയുന്നുണ്ട്. ചാർജിംഗ് അപാതകൾകൊണ്ട് ബാറ്ററിയിലുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടോ ക്രമാതീതമായി ഉയരുന്ന അന്തരീക്ഷ താപനില കൊണ്ടോ ആയിരിക്കാം വാഹനങ്ങൾക്ക് തീ പിടിക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

ഇപ്പോഴിതാ ഇലക്ട്രിക് വാഹനങ്ങൾ സംബന്ധിച്ച മറ്റൊരു വാർത്ത ജനങ്ങളിൽ ആശങ്കയുളവാക്കുകയാണ്. പ്രമുഖ ഇ സ്‌കൂട്ടർ നിർമാതാക്കളായ ഓകിനാവ ഓട്ടോടെക് തങ്ങളുടെ വാഹനങ്ങളെ പൊതു വിപണിയിൽ നിന്ന് തിരിച്ച് വിളിച്ചിരിക്കുന്നു. തങ്ങളുടെ 3215 ഓളം പ്രെയ്സ് പ്രോ ഇ മോഡൽ സ്‌കൂട്ടറുകളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. സ്‌കൂട്ടറുകളുടെ ബാറ്ററി പരിശോധന നടത്താനാണ് ഇവ തിരിച്ചു വിളിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ കമ്പനികളുടെ സ്‌കൂട്ടറുകൾ ബാറ്ററി പ്രശ്നങ്ങൾ കൊണ്ട് തീ പിടിയ്ക്കുന്ന അവസ്ഥ ഉണ്ടായത് തന്നെയാണ് ഓകിനാവയും തങ്ങളുടെ സ്‌കൂട്ടറുകളെ തിരിച്ചു വിളിച്ചിരിക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നത്.