
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ. രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിംഗ് മേക്കറാണ് കുഞ്ഞാലിക്കുട്ടിയെന്നാണ് ഇ പി ജയരാജൻ വിശേഷിപ്പിച്ചത്.
ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന് അടവു നയം സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു. അതേസമയം, ഇ പി ജയരാജന്റെ വാക്കുകളെ സിപിഐ തള്ളി. മുന്നണി വിപുലീകരണം ഇപ്പോൾ ചർച്ചയിൽ ഇല്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇ പി ജയരാജൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്നും കാനം പറഞ്ഞു. കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാൽ മുസ്‌ലിം ലീഗിന്റെ മുന്നണി പ്രവേശം ആലോചിക്കാമെന്നും യു.ഡി.എഫിൽ നിൽക്കുന്ന ആർ.എസ്.പിയും പുനർചിന്തനം നടത്തണമെന്നുമാണ് ഇ പി ജയരാജൻ പറഞ്ഞത്.
ഇപ്പോൾ ശക്തമായ ഒരു മുന്നണിയിലാണ്. അത് മാറേണ്ടതില്ല. പാർട്ടി അജണ്ടയിൽ അത്തരമൊരു കാര്യമില്ല. അത് ചർച്ച ചെയ്തിട്ടില്ല. നിൽക്കുന്നിടത്ത് ഉറച്ചുനിൽക്കുമെന്നാണ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ആർ.എസ്.പിയെ തകർത്ത് സി.പി.എമ്മിന്റെ അടിമയാക്കി കൊണ്ടുപോകാൻ ശ്രമിക്കേണ്ട. ആർ.എസ്.പി ഇടതുമുന്നണി വിട്ടുപോകാനിടയായ കാര്യങ്ങൾ ജയരാജൻ നന്നായി മനസ്സിലാക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും പ്രതികരിച്ചു.