
അത്ഭുത ദ്വീപ് എന്ന ചിത്രം പക്രു എന്ന നടന് സമ്മാനച്ചത് 'ഗിന്നസ് പക്രു' എന്ന പേരും പുതിയൊരു ജീവിതവുമായിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് ആണോ പക്രുവാണോ നായകൻ എന്ന സംശയം പ്രേക്ഷകനിൽ ജനിപ്പിക്കും വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. വിനയൻ സംവിധായനം ചെയ‌്ത ചിത്രത്തിലെ നായിക മല്ലിക കപൂർ ആയിരുന്നു.
തനിക്ക് ഒരുപാട് ആത്മവിശ്വാസം തന്ന ചിത്രമാണ് അത്ഭുത ദ്വീപ് എന്ന് പറയുകയാണ് പക്രു. കുതിര സവാരിയടക്കം വളരെ കഷ്‌ടപ്പാടുകൾ സഹിച്ചാണ് ചിത്രം പൂർത്തീകരിച്ചത്. അതോടൊപ്പം രസകരമായ ഒരു അനുഭവവും ഗിന്നസ് പക്രു പങ്കുവയ‌്ക്കുന്നുണ്ട്.
ഗിന്നസ് പക്രുവിന്റെ വാക്കുകൾ-
'വിനയൻ സാർ എന്നോട് പറഞ്ഞു നീ ജിം അടിച്ചോളാൻ. സൽമാൻ ഖാനെയും ഹൃത്വിക് റോഷനെയുമൊക്കെ മനസിൽ ധ്യാനിച്ച് എന്റേതായ ഒരു ജിം ഞാൻ സെറ്റ് ചെയ‌്തു. പിന്നീട് രാവിലെതൊട്ടങ്ങോട്ട് മരണപരിപാടിയായിരുന്നു. നമുക്കൊരു വലിയ ഓപ്പർച്യൂണിറ്റി കിട്ടിയിരിക്കുവല്ലേ? മാത്രമല്ല നായിക ബോളിവുഡിൽ നിന്നുമാണ്. സിനിമ കഴിഞ്ഞതിന് ശേഷമാണ് ഞാൻ അറിയുന്നത് വിനയൻ സാർ വിളിച്ചത് പൃഥ്വിരാജിന്റെ നായിക ആയിട്ടായിരുന്നുവെന്ന്. മാത്രമല്ല, കുട്ടിയെ ചെയ്‌സ് ചെയ്യുന്ന വൃത്തികെട്ടവനായ വേറൊരു നായകനുണ്ട്. നായകനല്ല, വില്ലൻ പോലൊരു കഥാപാത്രം. അതാണ് ഞാൻ. അങ്ങനെ നായികയെ ചതിച്ചാണ് ഇവിടെ കൊണ്ടുവന്നത്. അല്ലായിരുന്നുവെങ്കിൽ എനിക്ക് നായികയെയൊന്നും കിട്ടില്ലായിരുന്നു'.