covid

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കൊവി‌ഡ് കേസുകൾ 2000 കടന്നത് ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,380 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 56 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് നാലാം തരംഗത്തിലേക്ക് വിരൽ ചൂണ്ടുകയാണോ എന്ന സംശയവും ഉയരുന്നു.

കൊവിഡ് കേസുകൾ ഉയരുന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പുതിയ വകഭേദമാണോ അതോ പഴയ വകഭേദം തന്നെ രോഗം പരത്തുകയാണോ എന്നതും അവ്യക്തം. ജനങ്ങളിൽ പ്രതിരോധശേഷി കുറയുന്നതും കൊവിഡ് നിയന്ത്രണങ്ങളിലെ അലംഭാവവും കാരണമായേക്കാം. സാർസ്- സിഒവി-2 ന്റെ ജനിതക വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന മൾട്ടി ലബോറട്ടറിയായ ഇൻസാകോഗ് കൊവിഡ് വർദ്ധനവിന് കാരണമാകുന്ന വൈറസ് കണ്ടെത്തുന്നതിനായി തലസ്ഥാന മേഖലയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു.

ആഗോള തലത്തിൽ ഏറ്റവും ശക്തമായി നിൽക്കുന്ന വകഭേദമായ ഒമിക്രോണിന് നാല് ഉപവിഭാഗങ്ങളാണുള്ളത്. ബിഎ1, ബിഎ2,ബിഎ3, ബിഎ4. ഇതിൽ ബിഎ1, ബിഎ2 എന്നിവയാണ് ഇന്ത്യയിൽ കൂടുതലായി കാണപ്പെടുന്നത്. ബിഎ1, ബിഎ2 എന്നിവയുടെ സങ്കര ഇനമായ എക്‌സ് ഇയും ഇന്ത്യയിൽ കണ്ടെത്തിയിരുന്നു.

അതേസമയം, ഡൽഹിയിൽ കൊവിഡ് കേസുകൾ കുറഞ്ഞതിന് പിന്നാലെ മാസ്‌ക് നിബന്ധന ഒഴിവാക്കിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 1009 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പിന്നാലെ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിയന്ത്രണം കർശനമാക്കാൻ കേന്ദ്രം നിർദേശം നൽകിയിരിക്കുകയാണ്. ഡൽഹിയിലെ രോഗവ്യാപനം കണക്കിലെടുത്ത് അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും രാജ്യതലസ്ഥാനത്തിന് കീഴിൽ വരുന്ന ജില്ലകളിൽ മാസ്‌ക് ഉപയോഗിക്കുന്നത് കർശനമാക്കി. എന്നാൽ ഡൽഹിയിൽ ഇത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

കൊവിഡ് കേസുകൾ വർദ്ധിക്കുന്നുവെങ്കിലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാത്തത് പ്രതീക്ഷ നൽകുന്നു. അനാവശ്യമായി ആളുകൾ യാത്ര ചെയ്യുന്നതും രോഗവ്യാപനത്തിന് ഇടയാക്കും. കൂടുതൽ പേരും രണ്ടാം ഡോസ് സ്വീകരിച്ച് ഒരു വർഷം പിന്നിട്ടതും പ്രതിരോധശേഷി കുറയുന്നതിന് കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കാലക്രമേണ ശരീരത്തിൽ ആന്റിബോഡികളുടെ പ്രവർത്തനം കുറയുന്നു. ഇക്കാരണത്താൽ യഥാസമയം തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണെന്നും വിദഗ്ദ്ധർ പറയുന്നു. നിലവിൽ നാലാം തരംഗം ആരംഭിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടിയന്തരമായി ബൂസ്റ്റർ വാക്‌സിനേഷൻ നടപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു.

അതേസമയം, രാജ്യത്ത് ഇതുവരെ 187.07 കോടി ഡോസ് വാക്സിൻ നൽകിയിട്ടുള്ളതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.53ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.43ശതമാനവുമാണ്. കഴിഞ്ഞ 24മണിക്കൂറിനിടെ നാലരലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 13,433 പേർ നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്.