
മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും തിരുത്താൻ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ. തുടക്കകാലത്തായിരുന്നു അത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നതെന്ന് മല്ലിക സുകുമാരൻ പറയുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
'തിരുത്താൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. എന്നുവച്ചാൽ അവരുടെ അഭിപ്രായ സ്വാതന്ത്യ്രത്തിൽ ഇടപെട്ട് സംസാരിക്കുന്നതല്ല. രാജുവിന് അച്ഛന്റെ കൂട്ട് ഇത്തിരി ക്ഷമ കുറവാണ്. ഇന്ദ്രന് ഇത്തിരി കൂടിയും പോയി. ഇതൊക്കെ തുടക്കകാലത്തെ പ്രശ്നങ്ങളായിരുന്നു. രാജുവിനോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നീ ഒരു ക്യാമറയുടെയോ ലെൻസിന്റെയോ കാര്യം ചോദിക്കുമ്പോൾ പലർക്കും തോന്നും ഇന്നലെ വന്നവന് ക്യാമറയുടെ ലെൻസ് അറിയണമെന്ന്. നീ ഇതൊക്കെ വായിച്ച് കുറച്ച് അറിയാവുന്ന കുട്ടിയാണെന്ന് അമ്മയ‌്ക്കും വീട്ടിലുമൊക്കെ അറിയാം. പക്ഷേ പുറത്തുള്ളവർക്ക് അറിയില്ല. അവരെ സംബന്ധിച്ച് നീ ഇന്നലെ വന്ന പുതുമുഖ നടനാണ്. അങ്ങനെയുള്ളരാൾ ചോദിക്കുമ്പോൾ വല്ലായ്‌മ തോന്നുന്ന സംവിധായകരും ക്യാമറാമാന്മാരും പ്രൊഡ്യൂസർമാരുമൊക്കെയുണ്ടാകും. അതുകൊണ്ട് കുറച്ചുകൂടി പോട്ടെ. നിനക്കിതെല്ലാം ആധികാരികമായി പറയാൻ പറ്റുന്ന അവസരം ദൈവം കൊണ്ടുതരും'- മല്ലിക സുകുമാരന്റെ വാക്കുകൾ.