azhimala

കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ അടുത്തിടെയായി കൂട്ടിച്ചേർക്കപ്പെട്ട ഇടമാണ് തിരുവനന്തപുരത്തെ ആഴിമല എന്ന കടൽത്തീരവും അവിടെ സ്ഥിതിചെയ്യുന്ന കൂറ്റൻ ശിവപ്രതിമയും. അടുത്തിടെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയ ആഴിമലയുടെ വിശേഷങ്ങൾ അറിയാം.

വിഴിഞ്ഞത്തിന് സമീപമുള്ള ആഴിമല ക്ഷേത്രത്തോട് ചേ‌ർന്നുകിടക്കുന്ന കടൽതീരത്താണ് 58 അടി ഉയരത്തിൽ മഹാദേവന്റെ ശിൽപ്പം സ്ഥിതിചെയ്യുന്നത്. കടൽതീരത്തെ വലിയ പാറയിൽ കടൽനിരപ്പിൽ നിന്ന് 20 അടി ഉയരത്തിലായാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ശിവപ്രതിമകളിൽ ഒന്നാണ് ആഴിമലയിലെ മഹാദേവ ശിൽപ്പം.

ഗംഗയെ തലയിലേറ്റി ശാന്തമായ ഭാവത്തിൽ മഹാദേവൻ. നാല് കൈകളിൽ ഒന്നിൽ ത്രിശൂലവും മറ്റൊന്നിൽ ഡമരുവും. കടൽക്കാറ്റിൽ പാറിപ്പറക്കുന്ന തലമുടി. ശിരസിൽ ചന്ദ്രക്കലയും കഴുത്തിൽ സർപ്പവും. ആകാശത്തേക്ക് ഉറ്റുനോക്കുന്നതായി തോന്നിക്കുന്ന കണ്ണുകൾ. അങ്ങനെ മഹാദേവന്റെ ശോഭയിൽ തിളങ്ങുന്ന കടൽത്തീരം. ശിൽപ്പത്തിൽ നോക്കി നിൽക്കുമ്പോൾ തന്നെ തേജസ് ചുറ്റിനും പ്രതിഫലിക്കുന്നതായുള്ള അനുഭൂതി ഏവരിലും നിറയും.

തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ തിരുവനന്തപുരം സ്വദേശി കൂടിയായ യുവശിൽപ്പി ദേവദത്തൻ ആറ് വർഷം കൊണ്ടാണ് ശിൽപ്പം നിർമിച്ചത്. ശിൽപ്പത്തിന്റെ താഴ്ഭാഗത്തായി 3500 സ്ക്വയർ ഫീറ്റിൽ ഒരു ധ്യാനമണ്ഡപവും ഒരുക്കിയിട്ടുണ്ട്. മൊത്തത്തിലുള്ള നിർമാണ ചെലവ് മൂന്ന് കോടി രൂപ. തുടക്കത്തിൽ ഒറ്റക്കാലിൽ നിൽക്കുന്ന രൂപത്തിൽ നിർമിക്കാൻ തീരുമാനിച്ച പ്രതിമ പിന്നീട് പ്രദേശത്തിന്റെ കാലാവസ്ഥയും ഭൂമിശാസ്ത്രവും പഠിച്ച ശേഷം ഇരിക്കുന്ന നിലയിലുള്ള പ്രതിമയുടെ രൂപത്തിൽ നിർമിക്കുകയായിരുന്നു.

ശിവപ്രതിമയ്ക്ക് പുറമേ ഏറെ പ്രത്യേകതകൾ ഉള്ളതാണ് ആഴിമല ശിവക്ഷേത്രം. ഒരു ജീവൽസമാധിയ്ക്ക് മുകളിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നതെന്ന് ക്ഷേത്രത്തിലെ മേൽശാന്തി വെളിപ്പെടുത്തുന്നു. പ്രധാന പ്രതിഷ്ഠയായ ശിവദേവന് പുറമേ ഇരുവശങ്ങളിലുമായി ഗണപതി, പാർവതി പ്രതിഷ്ഠകളുമുണ്ട്. പഞ്ചപാണ്ഡവരാണ് ശിവപ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ കിഴക്കുവശത്തായി പ‌ഞ്ചപാണ്ഡവരിൽ ഒരാളായ ഭീമൻ സൃഷ്ടിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഉറവയുണ്ട്. കടൽക്കരയിലാണെങ്കിലും ഉപ്പുരസമില്ലാത്ത വെള്ളമാണ് ഇതിൽ നിന്നും വരുന്നത്. ശ്രീനാരായണ ഗുരുവുമായും ക്ഷേത്രത്തിന് ബന്ധമുണ്ട്. അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയശേഷം ഗുരു ആഴിമലയിൽ വന്നിരുന്നുവെന്നും വിശ്വാസമുണ്ട്. പ്രദേശത്തെ ഈശ്വരസാന്നിധ്യത്തെക്കുറിച്ച് തിരിച്ചറിഞ്ഞ ഗുരു ക്ഷേത്രം പണിയാൻ നാട്ടുകാരോട് നിർദേശിക്കുകയായിരുന്നുവെന്നാണ് വിശ്വാസം.