
തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയിൽ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസ് നടപടി ജഹാംഗീർപുരിയിലെ അതിക്രമത്തിന് തുല്ല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി പി എം ദേശീയ നേതാവ് വൃന്ദാ കാരാട്ട് കഴക്കൂട്ടത്ത് ഇന്ന് നടന്ന പൊലീസ് അതിക്രമം കാണുന്നുണ്ടോയെന്നും സതീശൻ ചോദിച്ചു. പ്രതിഷേധത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.
സിൽവർലൈൻ പദ്ധതിക്കായി എത്ര കല്ലിട്ടാലും പിഴുതെറിയുമെന്നും അതുമൂലമുള്ള പ്രത്യാഘാതം എത്രവലുതായാലും നേരിടാൻ ഒരുക്കമാണെന്നും സതീശൻ പറഞ്ഞു. കെ റെയിലിലെ അഴിമതി സംബന്ധിച്ച വിഷയങ്ങൾ ജനങ്ങളോട് യു ഡി എഫ് വിശദീകരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ഡൽഹി ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ നീക്കം വൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഈ സംഭവവും ഇന്ന് കഴക്കൂട്ടത്ത് കെ റെയിൽ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവവും സൂചിപ്പിച്ചാണ് സതീശന്റെ പരാമർശം.
ഇന്ന് കഴക്കൂട്ടത്ത് നടന്ന സമരത്തിൽ ഉന്തിനും തളളിനും ഇടയിൽ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്‌ത്തിയിരുന്നു. ഇതിൽ ഒരാൾ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നെന്ന് ഇയാൾ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ചു. സർവെ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നും മടങ്ങി. ഒരിടവേളയ്ക്ക് ശേഷമാണ് സിൽവർ ലെെൻ കല്ലിടൽ പുനരാരംഭിച്ചത്. ഒരു മാസമായി നിർത്തിവച്ച കല്ലിടൽ സിപിഎം പാർട്ടി കോൺഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് പുനരാരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്.