
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ പേരിലുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ട് കണ്ടെത്തി. ഈ അക്കൗണ്ട് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അറിയിച്ച് സ്പീക്കർ തന്നെ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തന്റെ പേരും ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറിൽ ഒരു വ്യാജ വാട്സാപ്പ് അക്കൗണ്ട് നിർമ്മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നൽകിയെന്നും സ്പീക്കർ പറഞ്ഞു.
ആ നമ്പറിൽ നിന്നും തന്റെ പുതിയ നമ്പറാണെന്നും ദയവായി സേവ് ചെയ്യണമെന്നുമുള്ള അഭ്യർത്ഥനയാണ് ആദ്യം എത്തുന്നതെന്നും പിന്നീടാണ് പണം ആവശ്യപ്പെട്ട് കൊണ്ടുള്ള സന്ദേശം വരുന്നതെന്നും സ്പീക്കർ പറയുന്നു. മുൻമന്ത്രി കെ പി മോഹനനും ഇത്തരത്തിൽ സന്ദേശം ലഭിച്ചിരുന്നെന്നും അദ്ദേഹം പറയുമ്പോഴാണ് താൻ തട്ടിപ്പിനെ കുറിച്ച് അറിയുന്നതെന്നും സ്പീക്കർ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
എന്റെ പേരും ഡി പിയായി എന്റെ ചിത്രവും ഉപയോഗിച്ച് 7240676974 എന്ന നമ്പറിൽ ഒര വ്യാജ വാട്സാപ്പ് അക്കൗണ്ട് നിർമ്മിച്ച് ദുരുപയോഗം ചെയ്യുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നൽകിയിരിക്കുകയാണ്. മേൽപറഞ്ഞ നമ്പറിൽ നിന്നും 'ദിസ് ഈസ് മൈ ന്യൂ നമ്പർ, പ്ലീസ് സേവ് ഇറ്റ്' എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യർത്ഥന നടത്തുകയാണ് രീതി. മുൻമന്ത്രി കെ.പി മോഹനൻ എന്റെ പേരിൽ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. മറ്റു പലർക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേൽപ്പറഞ്ഞ നമ്പറോ വാട്സാപ്പ് അക്കൗണ്ടോ എനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലർത്തണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു.