
തിരുവനന്തപുരം∙ സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി ജോലി ചെയ്ത സമയത്ത് സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ കഴിയില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് (പി.ഡബ്ലിയു. സി) കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ (കെ.എസ്.ഐ.ടി.ഐ.എൽ) അറിയിച്ചു. സ്വപ്നയ്ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന കെ.എസ്.ഐ.ടി.ഐ.എല്ലിന്റെ ആവശ്യം തള്ളിയാണ് പി. ഡബ്ലിയു.സിയുടെ മറുപടി.
അതേസമയം തുക തിരിച്ചു പിടിക്കുന്നതിന് കെ.എസ്.ഐ.ടി.ഐ.എൽ നിയമോപദേശം തേടി. തുക തിരിച്ചടയ്ക്കാതെ കെഫോൺ പദ്ധതിയുടെ ഒരു കോടിരൂപ പി.ഡബ്ലിയു.സിക്ക് നൽകേണ്ടതില്ലെന്നാണ് സ്ഥാപനത്തിന്റെ തീരുമാനം.
കെ.എസ്.ഐ.ടി.ഐ.എല്ലിനു കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്നയുടെ നിയമനം നടത്തിയത് പി.ഡബ്ലിയു.സിയായിരുന്നു. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമായി അനുവദിച്ചത്. സ്വർണക്കടത്തു കേസിൽ സ്വപ്ന പ്രതിയാകുകയും ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജി.എസ്.ടി ഒഴിച്ചുള്ള തുകയായ 16,15,873രൂപ പി,ഡബ്ലിയു.സിയിൽനിന്ന് ഈടാക്കാൻ കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി അടിയന്തരമായി നടപടിയെടുക്കണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകി. സ്വപ്ന സുരേഷ് ജോലിക്കായി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.