
കൊച്ചി: മുൻ കേരള ബ്‌ളാസ്റ്റേഴ്സ് പ്രതിരോധ താരം സന്ദേശ് ജിംഗനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 21ാം നമ്പർ ജേഴ്സി ക്‌ളബ് റിട്ടയർ ചെയ്തിരുന്നു. എന്നാൽ മുൻ തീരുമാനം പിൻവലിച്ച് ആ ജേഴ്സി നമ്പർ മടക്കികൊണ്ടുവന്നിരിക്കുകയാണ് ബ്‌ളാസ്റ്റേഴ്സ്. മലയാളി പ്രതിരോധനിരതാരം ബിജോയ് വർഗീസ് ആയിരിക്കും ഇനിമുതൽ ഈ ജേഴ്സി അണിയുക. വരാനിരിക്കുന്ന സീസണിൽ 21 ാം നമ്പർ ജേഴ്സി അണിഞ്ഞാകും ബിജോയ് കളിക്കളത്തിൽ ഇറങ്ങുക. താരവുമായുള്ള കരാർ 2025 വരെ ക്‌ളബ് നീട്ടിയിരുന്നു. അതിനൊപ്പം ബിജോയിക്ക് പുതിയ ജേഴ്സി കൂടി നൽകുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ ബിജോയ് തന്റെ സ്‌കൂൾ കാലം തൊട്ടേ ഫുട്‌ബോളിനോട് അഭിനിവേശം പുലർത്തിയിരുന്നു. പിന്നീട് കോവളം എഫ്സിയുടെ യൂത്ത് ടീമിൽ ചേർന്നു. 2018ൽ ഇന്റർനാഷണൽ സ്‌കൂൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയ കേരള ടീമിന്റെ ഭാഗമായിരുന്ന താരം, ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും നേടി. യൂത്ത് ലീഗിൽ പങ്കെടുത്ത സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫുട്‌ബോൾ ടീമിലും അംഗമായിരുന്നു.
2021ൽ കേരള പ്രീമിയർ ലീഗിൽ ബ്‌ളാസ്റ്റേഴ്സിന്റെ റിസർവ് ടീമിന്റെ ഭാഗമായതാണ് ബിജോയിയുടെ കരിയറിൽ വഴിത്തിരിവായത്. ലീഗിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ബിജോയിയെ സീനിയർ ടീമിലേക്ക് പരിഗണിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഐ എസ് എല്ലിൽ അഞ്ച് മത്സരങ്ങൾ കളിച്ച ബിജോയിയുടെ പ്രകടനത്തിനുള്ള മികവാണ് അദ്ദേഹത്തിന് ലഭിച്ച പുതുക്കിയ കരാർ.
ദീർഘകാലത്തേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ പോകുന്നതിൽ താൻ ഏറെ ആവേശത്തിലാണെന്നും ക്ലബ്ബുമായി പുതിയ കരാർ ഒപ്പുവയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ബിജോയ് പറഞ്ഞു. പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്നതിൽ വളരെയേറെ സന്തോഷമുണ്ടെന്നും കളിക്കുന്ന എല്ലാ മത്സരങ്ങളിലും തന്റെ നൂറ് ശതമാനം നൽകുമെന്നും ബിജോയ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ സീസണിൽ കേരള ബ്‌ളാസ്റ്റേഴ്സിനെതിരായ മത്സരത്തിനു ശേഷം തങ്ങൾ കളിച്ചത് സ്ത്രീകൾക്കൊപ്പമാണെന്ന് എ ടി കെ മോഹൻ ബഗാൻ താരമായ ജിംഗൻ പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനു ശേഷം വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനാണ് താരത്തിനെതിരെ ബ്‌ളാസ്റ്റേഴ്സ് ആരാധകർ നടത്തിയത്. ഇതിനെ തുടർന്ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വരെ ജിംഗൻ ഉപക്ഷിച്ചിരുന്നു.