
മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ ഗുജറാത്തിനെ തോൽപ്പിച്ച് മണിപ്പൂർ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മണിപ്പൂർ ഗുജറാത്തിനെ കീഴ്പ്പെടുത്തിയത്. ടൂർണമെന്റിലെ ഗുജറാത്തിന്റെ രണ്ടാം തോൽവിയാണിത്. ഇതോടെ ഗുജറാത്തിന്റെ സെമി ഫൈനൽ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. കളിച്ച രണ്ട് മത്സരവും തോറ്റ ഗുജറാത്ത് ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ്. മണിപ്പൂരിനായി സുധിർ ലൈതോൻജം ഒരു ഗോൾനേടി. ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാർത്ഥ് സുരേഷ് നായർ നേടിയ സെൽഫ് ഗോളും മണിപ്പൂരിന്റെ ഗോൾ പട്ടികയിലുണ്ട്.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മണിപ്പൂർ ഇരുഗോളുകളും നേടുന്നത്. ആദ്യപകുതിയിലെ മണിപ്പൂരിന്റെ ശക്തമായ ആക്രമണങ്ങളെ അതിജീവിച്ച ഗുജറാത്തിന് പക്ഷേ 47ാം മിനിട്ടിൽ അടിപതറി.
നഗരിയബം ജെനിഷ് സിംഗ് നൽകിയ പാസിൽ മദ്ധ്യനിര താരം സുധിർ ലൈതോൻജമാണ് മണിപ്പൂരിന് വേണ്ടി വല ചലിപ്പിച്ചത്. 67 ാം മിനുട്ടിൽ മണിപ്പൂർ ലീഡ് ഉയർത്തി. ബോക്സിന് പുറത്തു നിന്ന് അകത്തേക്ക് സോമിഷോൻ ഹെഡ് ചെയ്ത് നൽകിയ ബോൾ ക്ലിയർ ചെയ്യാൻ ശ്രമിക്കവേ ഗുജറാത്തിന്റെ മലയാളി പ്രതിരോധ താരം സിദ്ധാർത്ഥ് സുരേഷ് നായർ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. 71 ാം മിനിട്ടിൽ ഗുജറാത്തിന് അവസരം ലഭിച്ചെങ്കിലും മണിപ്പൂർ ഗോൾകീപ്പർ പന്ത് തട്ടിയകറ്റി.