
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ യോഗ്യതക്കായി കേരളം ഇറങ്ങുന്നു. നാളെ (വെള്ളി) വൈകീട്ട് 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി. മേഘാലയക്കെതിരായുള്ള മത്സരത്തിലേറ്റ അപ്രതിക്ഷിത സമനില കേരളത്തിന്റെ സെമി പ്രവേശനത്തിന് വെല്ലുവിളിയായിട്ടുണ്ട്. പഞ്ചാബിന് എതിരെയുള്ള മത്സരത്തിൽ വിജയം നേടി സെമി യോഗ്യത ഉറപ്പിക്കാനാകും കേരളം ശ്രമിക്കുക.
കഴിഞ്ഞ മത്സരങ്ങളിൽ രണ്ടാം പകുതിയിൽ പകരക്കാരായി എത്തി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജെസിനും നൗഫലിനും പരീശീലകൻ ആദ്യ ഇലവനിൽ സ്ഥാനം നൽകിയേക്കും. കേരള പ്രീമിയർ ലീഗിൽ മിന്നും ഫോമിലായിരുന്ന വിഗ്നേഷിന് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരത്തിൽ താളം കണ്ടെത്താനാകാത്തത് കേരളാ ടീമിന് ചെറിയ തലവേദനയൊന്നുമല്ല സൃഷ്ടിക്കുന്നത്. മേഘാലയക്കെതിരെയുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ച സ്‌ട്രൈക്കർ സഫ്നാദ് ഗോൾ നേടിയത് ടീമിന് ഗുണംചെയ്യും. ക്യാപ്ടൻ ജിജോ ജോസഫും, അർജുൻ ജയരാജും, മുഹമ്മദ് റാഷിദും നയിക്കുന്ന മധ്യനിര പഞ്ചാബിനെതിരെയും തുടരും.
മത്സരത്തിൽ കേരളത്തിന് ധാരാളം ഗോളവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഫിനിഷിംഗ് പോരായ്മയാണ് ടീമിനെ സമനിലയിലെത്തിച്ചത്. പഞ്ചാബ് ആണെങ്കിൽ ആദ്യ മത്സരത്തിൽ ബംഗാളിനോട് തോറ്റതിന് ശേഷം രാജസ്ഥാനെതിരെ ഗോളടി മേളം നടത്തിയാണ് നിർണായക മത്സരത്തിന് ഇറങ്ങുന്നത്. കരുത്തുറ്റ പ്രതിരോധമാണ് പഞ്ചാബിന്റെ ശക്തി. പകരക്കാരനായി ഇറങ്ങി ബംഗാളിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്ത് ഷെയ്കിന് കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ അവസരം നൽകിയിരുന്നെങ്കിലും ഗോളൊന്നും നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ചിലമുന്നേറ്റങ്ങൾ എതിർ പ്രതിരോധ നിരക്ക് തലവേദനയാണ്. ആദ്യ മത്സരത്തിൽ ഫോംകണ്ടെത്താൻ സാധിക്കാത്ത തരുൺ സ്ളാതിയ രണ്ടാം മത്സരത്തിൽ ഫോംകണ്ടെത്തിയത് ടീമിന് ഗുണം ചെയ്യും. രാജസ്ഥാനെതിരെ 68 ാം മിനിട്ടിലിറങ്ങി രണ്ട് ഗോളാണ് തരുൺ സ്ളാതിയ നേടിയത്.
വൈകീട്ട് 4.00 മണിക്ക് മലപ്പുറം കോട്ടപ്പടിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗാൾ മേഘാലയയെ നേരിടും. ഇരുടീമുകൾക്കും സെമിഫൈനൽ യോഗ്യത നേടണമെങ്കിൽ വിജയം അനിവാര്യമാണ്. സമനിലയാണ് നേടുന്നതെങ്കിൽ കേരളത്തിനും പഞ്ചാബിനും ഗുണം ചെയ്യും. ഗ്രൂപ്പിലെ കരുത്തരായ കേരളത്തെ 2-2 ന് സമനിലയിൽ പിടിച്ച ആത്മവിശ്വാസത്തിലാണ് മേഘാലയ. ടൂർണമെന്റിൽ ആദ്യമായി കേരളത്തിന്റെ വലകുലുക്കിയതും മേഘാലയ തന്നെ. ചെറിയ പാസിൽ അധിവേഗം മുന്നോട്ട് കുതിക്കുന്നതാണ് ടീമിന്റെ ശൈലി. ടിക്കി ടാക്ക സ്‌റ്റൈലിൽ മുന്നേറുന്ന ടീമിനെ പിടിച്ച് കെട്ടുക എന്നത് പ്രയാസമാണ്.
നിലവിൽ ഗ്രൂപ്പ് എയിൽ മൂന്ന് മത്സരം കളിച്ച കേരളം രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ഒന്നാമതാണ്. രണ്ട് മത്സരം കളിച്ച മേഘാലയയാണ് രണ്ടാമത്. ഒരു ജയവും ഒരു സമനിലയുമാണ് ടീമിനുള്ളത്. രണ്ട് മത്സരം വീതം കളിച്ച പഞ്ചാബിനും ബംഗാളിനും ഒരേ പോയിന്റാണുള്ളത്. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ പഞ്ചാബാണ് ഗ്രൂപ്പിൽ മൂന്നാമത്. ബംഗാൾ നാലും എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാൻ അവസാന സ്ഥാനത്തുമാണ്. രാജസ്ഥാൻ ഇതിനകം ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി.