priyanka-chopra

ന്യൂയോർക്ക്: തങ്ങളുടെ നവജാതശിശുവിന്റെ എല്ലാ കാര്യങ്ങളും അതീവ രഹസ്യമായി ചെയ്യാൻ ആഗ്രഹിക്കുന്ന ദമ്പതികളാണ് നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും. വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകിയെന്ന സന്തോഷവാർത്ത തങ്ങളുടെ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ടെങ്കിലും കുഞ്ഞിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവിടാൻ ഇരുവരും ഒരുക്കമായിരുന്നില്ല. ഇരുവർക്കും ജനിച്ചത് പെൺകുഞ്ഞാണെന്ന വാർത്ത പോലും ഈയടുത്താണ് പലരും അറിഞ്ഞത്. അത്രയേറെ രഹസ്യമായാണ് ദമ്പതികൾ തങ്ങളുടെ മകളെ വളർത്തുന്നത്.

കുഞ്ഞിന്റെ ഓരോ വിവരങ്ങൾ പുതുതായി കണ്ടെത്താൻ മാദ്ധ്യമങ്ങൾ നിലവിൽ മത്സരിക്കുകയാണ്. അത്തരത്തിലൊരു കണ്ടെത്തലാണ് അന്താരാഷ്ട്ര മാദ്ധ്യമമായ ടി എം സി നടത്തിയിരിക്കുന്നത്. കുഞ്ഞിന്റെ പേരാണ് ഈ മാദ്ധ്യമം കണ്ടെത്തിയത്. മാലതി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന് ജോനാസ് - പ്രിയങ്ക ദമ്പതികൾ നൽകിയിരിക്കുന്ന പേര്. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലും ഈ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പേര് ഇതാണെങ്കിൽ സ്വന്തം രാജ്യമായ ഇന്ത്യയുടെ സംസ്കാരവും അമേരിക്കൻ വംശജനായ ഭർത്താവ് നിക്ക് ജോനാസിന്റെ സംസ്കാരവും സംയോജിപ്പിക്കുന്ന പേരാണ് പ്രിയങ്ക കുഞ്ഞിന് നൽകിയിരിക്കുന്നത്.

സംസ്കൃതത്തിൽ മാലതി എന്ന വാക്കിന് ചന്ദ്രപ്രഭ, സുഗന്ധമുള്ള ചെറുപുഷ്പം എന്നിങ്ങനെയാണ് അർത്ഥം. ലാറ്റിൻ വാക്കായ സ്റ്റെല്ല മാരിസ് എന്ന വാക്കിൽ നിന്നുമാണ് കുഞ്ഞിന്റെ പേരിന്റെ രണ്ടാമത്തെ ഭാഗമായ മേരി എടുത്തിരിക്കുന്നത്. സമുദ്രത്തിലെ നക്ഷത്രം എന്നാണ് ഈ വാക്കിന്റെ അർത്ഥം. ബൈബിൾ അനുസരിച്ച് യേശുവിന്റെ അമ്മയുടെ പേരും മേരി എന്നാണ്.