nitin-gadkari

ഹൈദരാബാദ്: രാജ്യത്ത് ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ബാറ്ററികൾ തുടർച്ചയായി പൊട്ടിത്തെറിക്കുന്ന സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ഗതാഗത മന്ത്രാലയം. ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മന്ത്രി വ്യക്തമാക്കി. സമിതി സമർപ്പിക്കുന്ന ശുപാർശകൾ അനുസരിച്ച് ആവശ്യമായ നടപടികൾ വിഷയത്തിൽ ഉണ്ടാകുമെന്ന് നിതിൻ ഗഡ്കരി അറിയിച്ചു.

കമ്പനികൾ സുരക്ഷാ കാര്യങ്ങളിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയാൽ അത്തരം കമ്പനികൾക്കെതിരെ പിഴയുൾപ്പെടെയുള്ള കനത്ത നടപടികൾ ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം കമ്പനികൾ നിർമ്മിച്ച മുഴുവൻ സ്കൂട്ടറുകളും തിരിച്ചുവിളിക്കാനും സർക്കാർ മടികാണിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അപകടങ്ങളിൽ പലരുടെയും ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

തെലങ്കാനയിൽ കഴിഞ്ഞ ദിവസം ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80കാരൻ മരണമടഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഗഡ്കരി വിദഗ്‌ദ്ധ സമിതിയെ നിയമിക്കുന്നതായി അറിയിച്ചത്. തെലങ്കാനയിലെ നിസാമബാദ് സ്വദേശിയായ രാമസ്വാമിയാണ് മരണമടഞ്ഞത്. രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകൻ പ്രകാശ്, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് ഗുരുതരമായ പരിക്കുണ്ട്. രാമസ്വാമിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്.

രാമസ്വാമിയുടെ മകൻ പ്രകാശ് ഉപയോഗിക്കുന്ന ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. സ്കൂട്ടറിൽ നിന്ന് ഊരി വീട്ടിനുള്ളിൽ വച്ച് ചാർജ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.