modi

ന്യൂഡൽഹി: ഇന്ത്യ ഇന്നുവരെ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ലെന്നും ലോകത്തിന്റെ ക്ഷേമമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ നിർദ്ദേശപ്രകാരം വധിക്കപ്പെട്ട ഒൻപതാമത്തെ സിക്ക് ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജയന്തി (പ്രകാശ് പുരബ് )​ ആഘോഷങ്ങളുടെ ഭാഗമായാണ് ചെങ്കോട്ടയിൽ മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തത്. ഇതാദ്യമായാണ് സൂര്യാസ്‌തമയത്തിന് ശേഷം ചെങ്കോട്ടയിൽ ഒരു പ്രധാനമന്ത്രി പ്രസംഗിക്കുന്നത്.

അയൽരാജ്യങ്ങളിൽ ദുരിതത്തിലായ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ അഭയമായെന്നും പൗരത്വ ഭേദഗതി ബിൽ വിദേശത്തുള്ള ന്യൂനപക്ഷങ്ങൾക്ക് സഹായകമായെന്നും മോദി പറഞ്ഞു. ഇന്ത്യയിൽ മതത്തിന്റെ പേരിൽ അടിച്ചമർത്തപ്പെട്ട ഒരു കാലമുണ്ടായിരുന്നുവെന്നും രാജ്യത്തിന് വേണ്ടി മരിച്ച പല ധീരന്മാരുടെയും ധൈര്യം പരീക്ഷിച്ച കോട്ടയാണിതെന്നും മോദി വ്യക്തമാക്കി.

കാശ്‌മീരി പണ്ഡിറ്റുകളുടെ മതസ്വാതന്ത്ര്യത്തെ പിന്തുണച്ചതിനാണ് 1675ൽ ഗുരുതേജ് ബഹാദൂറിനെ വധിച്ചത്. ആ കാലം അനുസ്‌മരിച്ച്,​ ഗുരു തേജ് ബഹാദൂറിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ട ഗുരു തേജ് ബഹാദൂർജിയുടെ രക്തസാക്ഷിത്വത്തിന്റെ ദൃക്‌സാക്ഷിയാണ്. രാജ്യത്തിന് വേണ്ടി മരിച്ച പല ധീരന്മാരുടെയും ധൈര്യം പരീക്ഷിച്ച കോട്ടയാണിത്. ഭാരതം ഒരു രാജ്യം മാത്രമല്ല, മഹത്തായ പൈതൃകവും മൂല്യങ്ങളും ഉള്ള ദേശമാണ്. നമ്മുടെ സംസ്‌കാരം പ്രതിസന്ധി നേരിടുമ്പോഴെല്ലാം ഒരു നായകൻ ഉയർന്ന് വന്നിരുന്നു. സാമ്രാജ്യങ്ങൾ വന്ന് പോയപ്പോഴും ഇന്ത്യ ശക്തമായി നിന്നു. ഭാരതം ഗുരുക്കന്മാരുടെ ആദർശങ്ങൾക്കൊപ്പം മുന്നേറുന്നതിൽ സന്തോഷമുണ്ട്. ഈ പുണ്യ ദിനത്തിൽ പത്ത് ഗുരുക്കന്മാരുടെയും പാദങ്ങളിൽ വണങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗുരു തേജ് ബഹാദൂറിന്റെ സ്‌മാരക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. വിവിധ മുഖ്യമന്ത്രിമാരും പ്രമുഖ വ്യക്തികളും പങ്കെടുത്തു. ആയിരത്തിലേറെ സുരക്ഷാ ഭടന്മാരുടെ വലയത്തിലായിരുന്നു ചെങ്കോട്ട.