
ന്യൂഡൽഹി: കൊവിഡ് ബൂസ്‌റ്റർ ഡോസ് വാക്‌സിനെടുക്കുന്നവർക്ക് തീർത്തും സൗജന്യമായി നൽകാൻ ഡൽഹി സർക്കാർ. 18നും 59നുമിടയിൽ പ്രായമുളളവർക്ക് നൽകുന്ന വാക്‌സിനാണ് സൗജന്യമാക്കുക. സർക്കാർ വാക്‌സിൻ കേന്ദ്രങ്ങളിൽ നിന്നാണ് സൗജന്യ വാക്‌സിൻ ലഭ്യമാക്കുക. 60 വയസ് മുതലുളളവർക്ക് നിലവിൽ ഡൽഹിയിൽ സൗജന്യമായി വാക്‌സിൻ നൽകുന്നുണ്ട്.
ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുൻനിര പോരാളികൾക്കും സൗജന്യമായിത്തന്നെ ബൂസ്‌റ്റർ ഡോസ് കൊവിഡ് വാക്‌സിൻ നൽകിക്കഴിഞ്ഞു. ബുധനാഴ്‌ചത്തെ കണക്കനുസരിച്ച് പ്രതിദിന കണക്ക് 1000ന് മുകളിലാണ് രാജ്യതലസ്ഥാനത്ത്. 1009 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ മാസ്‌ക് ധരിക്കാത്തവർക്കെതിരെ പിഴയടക്കം ശിക്ഷാ നടപടികൾ സർക്കാർ ഏർപ്പെടുത്തി. 500 രൂപയാണ് പിഴ ശിക്ഷ.
ബൂസ്‌റ്റർ ഡോസ് കൊവിഡ് വാക്‌സിൻ ലഭിക്കുന്നതിന് കൊവിൻ പോർട്ടലിൽ മതിയായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ഒൻപത് മാസം കഴിഞ്ഞവർക്ക് ഈ ഡോസ് സ്വീകരിക്കാം. പുതുതായി രജിസ്‌റ്റർ ചെയ്യേണ്ടതില്ല.