let

ബാരാമുള‌ള: കാശ്‌മീരിലെ ബാരാമുള‌ള ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ ത്വയ്‌ബ കമാന്ററെയടക്കം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്നുസൈനികർക്ക് പരിക്കേറ്റതായും സേന അറിയിച്ചു.

പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുഡ്‌ഗാം പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിൽ ബാരാമുള‌ളയിലെ മൽവാ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. തുടർന്ന് നടന്ന വെടിവയ്‌പ്പിലാണ് ലഷ്‌കർ കമാന്റർ യൂസഫ് കാന്ദ്രുവിനെയടക്കം മൂന്ന് ഭീകരരെ വധിച്ചത്. നിലവിൽ മൂന്ന് ഭീകരർ കൂടി സ്ഥലത്തുണ്ടെന്നാണ് വിവരം. നിരവധി ഭീകരാക്രമണ കേസുകളിൽ പ്രതിയാണ് യൂസഫ് കാന്ദ്രു. അവശേഷിക്കുന്ന ഭീകരരിൽ ഒരാളെ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്.