krail

തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം കെ റെയിൽ പ്രതിഷേധം സംസ്ഥാനത്ത് വീണ്ടും കടുക്കുന്നു. പൊലീസ് പിന്തുണയോടെ ഇന്നും കെ റെയിൽ സർവെ കല്ലിടൽ തുടരുമെന്നാണ് കെ റെയിൽ അധികൃതർ അറിയിച്ചത്. കണ്ണൂരിൽ ചാല മുതൽ തലശേരി വരെ കല്ലിടൽ ബാക്കിയുണ്ട്. ഇവിടങ്ങളിലാകും ഇന്ന് സർവെ. അതേസമയം ഏത്‌വിധത്തിലും സർവെയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ തടയുമെന്നാണ് പ്രതിഷേധിക്കുന്ന നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരടങ്ങുന്ന പ്രതിപക്ഷ പാർട്ടികളും പറയുന്നത്.

ഇന്നലെ കണ്ണൂരിൽ നാട്ടിയ കെ റെയിൽ കുറ്റികൾ നിമിഷങ്ങൾക്കകം തന്നെ പ്രതിഷേധക്കാർ പിഴുതുനീക്കി. തലസ്ഥാന നഗരത്തിലും ശക്തമായ പ്രതിഷേധമാണ് കെറെയിൽ സർവെയ്‌ക്കെതിരെ ഉണ്ടായത്. കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലൈൻ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. നാട്ടുകാർക്കൊപ്പം പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് നടപടിയിൽ ചിലർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. വിവരമറിഞ്ഞ് കൂടുതൽ പ്രതിഷേധക്കാർ സ്ഥലത്തെത്തി.


ഉന്തിനും തളളിനും ഇടയിൽ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തി. ഇതിൽ ഒരാൾ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ചു. സർവെ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നും മടങ്ങി.


ഒരിടവേളയ്ക്ക് ശേഷമാണ് സിൽവർ ലൈൻ കല്ലിടൽ പുനരാരംഭിച്ചത്. ഒരു മാസമായി നിർത്തിവച്ച കല്ലിടൽ സിപിഎം പാർട്ടി കോൺഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് പുനരാരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്.