
തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ മുന്നിൽനിന്ന ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി നഗരസഭ നിയോഗിച്ച ആഭ്യന്തര അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട്. നേമം സോണലിലെ റവന്യൂ ഇൻസ്‌പെക്‌ടറായ സുധീർകുമാർ, ശ്രീകാര്യം സോണലിലെ റവന്യൂ ഇൻസ്‌പെക്‌ടറായ സുനിൽകുമാർ,ആറ്റിപ്ര സോണലിലെ കാഷ്യറായ അഖില ചന്ദ്രൻ എന്നിവരെ കുറ്റക്കാരാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ മുന്നിൽ നിന്ന സുനിൽകുമാറാണ് പിരിക്കുന്ന നികുതിപ്പണം അക്കൗണ്ടിലെത്തുന്നില്ലെന്ന് ആദ്യം കണ്ടെത്തിയത്. തുടർന്ന് ലോക്കൽഫണ്ട് ഓഡിറ്റ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. നേമം സോണലിൽ സൂപ്രണ്ടായിരുന്ന ശാന്തി നടത്തിയ തട്ടിപ്പിനെതിരെ നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം സുധീർകുമാറാണ് പൊലീസിൽ മൊഴി നൽകിയത്. മറ്റ് പല ഉദ്യോഗസ്ഥരും ശാന്തിക്കെതിരെ മൊഴി നൽകാൻ മടിച്ചുനിന്നപ്പോഴാണ് സുധീർ ഇതിന് തയ്യാറായത്. നേരത്തെ നടന്ന പൊലീസ് അന്വേഷണത്തിലൊന്നും ഇവർ പ്രതിയായിരുന്നില്ല. എന്നാൽ മൊഴി പോലും രേഖപ്പെടുത്താതെ നഗരസഭയുടെ ആഭ്യന്തര അന്വേഷണ കമ്മിഷൻ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കുകയായിരുന്നു. വാദികളെ പ്രതികളാക്കി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നഗരസഭയുടേതെന്നാണ് ആക്ഷേപം.