tyson

സാൻ ഫ്രാൻസിസ്‌കോ: തുടർച്ചയായി ശല്യം ചെയ്‌ത സഹയാത്രികനായ യുവാവിന്റെ മുഖം ഇടിച്ച് ഷെയ്‌പ് മാറ്റി ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസൺ. സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് പറന്നുയരുകയായിരുന്ന വിമാനത്തിലെ യാത്രക്കാരൻ ടൈസണെ പിന്നിൽ നിന്ന് ശല്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. പിൻ സീറ്റിൽ ഇരുപ്പുറപ്പിച്ച യുവാവിന്റെ ശല്യം സഹിക്കാനാകാതെ ടൈസൺ തുടർച്ചയായി ഇയാളുടെ മുഖത്തിടിച്ചു.

പരിചയപ്പെടാൻ ആദ്യം എത്തിയ യുവാവിനോട് മൈക്ക് ടൈസൺ സൗഹൃദപരമായാണ് പെരുമാറിയത്. ഒടുവിൽ ദേഷ്യം തോന്നിയ 55കാരനായ മുൻ ബോക്‌സിംഗ് താരം യുവാവിനോട് തിരികെ സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ മടങ്ങിയില്ല. ഇതോടെയാണ് പ്രശ്‌നമായത്. യാത്ര തുടരാതെ താരം വിമാനത്തിൽ നിന്നും തിരികെയിറങ്ങിപ്പോയി. വീഡിയോ വൈറലായെങ്കിലും അമേരിക്കൻ പോലീസും ജെറ്റ്‌ബ്ളൂ എയർലൈനും ടൈസനുമായി ബന്ധപ്പെട്ടവരും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

Imagine being dumb enough to provoke Mike Tyson in the close proximity of a plane during a 3 hour flight😂😭🤦🏽‍♂️ pic.twitter.com/T3IBuB7lor

— 🛸🐐Ziggy B🐐🛸 (@therealziggyb23) April 21, 2022

റിംഗിലും പുറത്തും നിരവധി വിവാദങ്ങൾ സൃഷ്‌ടിച്ച ബോക്‌സിംഗ് താരമാണ് മൈക്ക് ടൈസൺ. 1997ൽ സഹതാരം ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചെടുത്ത് വിവാദമുണ്ടാക്കിയിട്ടുണ്ട്. ബലാൽസംഗ കുറ്റത്തിനും കൊക്കെയ്‌ൻ ഉപയോഗത്തിനും കോടതി ശിക്ഷിച്ചിട്ടുമുണ്ട് ടൈസനെ.