
തിരുവനന്തപുരം: ഗ്രാമീണ ഉത്പന്നങ്ങളും ഭക്ഷ്യവിഭവങ്ങളും പരിചയപ്പെടുത്തിയുള്ള കുടുംബശ്രീ ദേശീയ സരസ്മേളയ്ക്ക് ലഭിച്ചത് മികച്ച പ്രതികരണം. മാർച്ച് 30 മുതൽ ഏപ്രിൽ പത്ത് വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ അരങ്ങേറിയ മേളയിൽ നടന്നത് 12,21,24,973 രൂപയുടെ കച്ചവടം.
രാജ്യത്തെ ഗ്രാമീണ സംരംഭകരുടെ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളും വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങളും മേളയിലുണ്ടായിരുന്നു.
237 സ്റ്റാളുകളിലായി ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയവും പ്രദർശന-വിപണനത്തിനൊരുക്കി. 15 സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷണവിഭവങ്ങൾ ലഭ്യമാകുന്ന 25 സ്റ്റാളുകൾ ഉൾപ്പെടുന്ന ഫുഡ് കോർട്ടും കലാപരിപാടികളും ജനങ്ങളെ ആകർഷിച്ചു. വിപണന സ്റ്റാളുകളിൽ നിന്ന് മാത്രം 11,38,87,543 രൂപയുടെ വിറ്റുവരവാണുണ്ടായത്. ഫുഡ്കോർട്ടിൽ 82,37,520 രൂപയുടെ കച്ചവടം നടന്നു. ഏഴാം തവണയാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്.