
ന്യൂഡൽഹി: ഇരുപത്തിനാലുകാരിയെ ഓടിച്ചിട്ട് പിടിച്ച് മക്കളുടെ മുന്നിൽവച്ച് യുവാവ് കുത്തിക്കൊന്നു. ഡൽഹിയിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. യുവതി കുട്ടികളുമൊത്ത് രക്ഷപ്പെടാനായി ശ്രമിക്കുന്നതും പ്രതി പുറകേ ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ആരതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയും പ്രതിയും മുൻപ് അയൽക്കാരായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. എന്നാൽ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒരു സ്ത്രീയ്ക്ക് കുത്തേറ്റതായി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുന്നത്. ഉടൻ തന്നെ പൊലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.