
മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ മറൈൻ സർവീസ് കമ്പനിയായ ഓഷ്യൻ സ്‌പാർക്കിൾ ലിമിറ്റഡ് ഇനി അംബാനി ഗ്രൂപ്പിന് സ്വന്തം. ഇന്ത്യയിലെ ഒന്നാമതുളളതും ലോകത്തെ ആകെ മറൈൻ കമ്പനികളിൽ 11ാം സ്ഥാനത്തുളളതുമാണ് ഓഷ്യൻ സ്‌പാർക്കിൾ ലിമിറ്റഡ്. കമ്പനിയുടെ 100 ശതമാനം ഓഹരികളും അദാനി ഹാർബർ സർവീസ് ലിമിറ്റഡ് (എപിഎസ്ഇഇസഡ്) ഏറ്റെടുത്ത് കരാറായി. ഒഎസ്‌എൽ, അദാനി ഹാർബർ സർവീസസ് എന്നിവ ഒന്നിക്കുമ്പോൾ ബിസിനസ് അഞ്ച് വർഷത്തിനകം ഇരട്ടിയാകാൻ സാദ്ധ്യതയുണ്ടെന്ന്. ആപ്‌സെസ് ഡയറക്‌ടറും സിഇഒയുമായ കരൺ അദാനി അറിയിച്ചു.
ഇന്ത്യയിലെ മറൈൻ സർവീസ് മാർക്കറ്റിലും മറ്റ് രാജ്യങ്ങളിലും ഗണ്യമായ സ്വാധീനമാകാൻ ഇതിലൂടെ സാധിക്കുമെന്നാണ് അദാനി ഹാർബർ സർവീസ് ലിമിറ്റഡിന്റെ കണക്കുകൂട്ടൽ ഇതുവഴി 2030ഓടെ ആഗോളതലത്തിൽ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായും രാജ്യത്തെ ഏറ്റവും വലിയ സംയോജിത ട്രാൻസ്‌പോർട് സംരംഭമായും മാറുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
ഡ്രെഡ്‌ജിംഗ്, പൈലറ്റേജ്, ടവേജ് മുതലായി പ്രവർത്തനങ്ങൾ നടത്തുന്ന 94 കപ്പലുകൾ സ്വന്തമായും 13 എണ്ണം വാടകയ്‌ക്കും എടുത്ത കമ്പനിയാണ് ഓഷ്യൻ സ്‌പാർക്കിൾ. 1995ൽ പി.ജയ്‌രാജ് കുമാർ ചെയർമാനും എംഡിയുമായി സ്ഥാപിതമായ കമ്പനിയാണിത്. ആഗോളതലത്തിൽ മറൈൻ സർവീസിൽ മികച്ച പരിചയമുളള കമ്പനിയാണിത്. 92 ശതമാനം ടവേജ്, പൈലറ്റേജ് എന്നിവ വഴിയും എട്ട് ശതമാനം ഡ്രെഡ്‌ജിംഗ് വഴിയുമായാണ് കമ്പനി വരുമാനം. കമ്പനി ഏറ്റെടുക്കുന്നതോടെ അദാനി ഹാർബർ സർവീസസിന്റെ വരുമാനം 100 ശതമാനം വർദ്ധിക്കുമെന്നാണ് കരുതുന്നത്.
നിലവിൽ വിഴിഞ്ഞം ഉൾപ്പടെ രാജ്യത്തെ എട്ടോളം തുറമുഖങ്ങളും വിശാഖപട്ടണം ഉൾപ്പടെ നാലോളം ടെർമിനലുകളും രാജ്യത്ത് നടത്തുന്നത് അദാനി പോർട്‌സ് ആന്റ് ലോജിസ്‌റ്റിക്‌സ് കമ്പനിയാണ്. ഇതിനൊപ്പം മറൈൻ കമ്പനികൾ കൂടി സ്വന്തമാകുന്നതോടെ മേഖലയിലെ സ്വകാര്യ കമ്പനികളിൽ മുമ്പനായി അദാനി മാറും.