
കണ്ണൂർ: കെ റെയിൽ പ്രതിഷേധം വീണ്ടും ശക്തമാകുന്നു, കണ്ണൂർ എടക്കാട് കെ റെയിലിനായി സ്ഥാപിച്ച കല്ല് പിഴുതുമാറ്റി. അധികൃതർ കല്ലിട്ട ഉടൻ തന്നെ സമരക്കാർ പിഴുതുമാറ്റുകയായിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിന് പിന്നാലെ ജോലി തടസപ്പെടുത്തിയതിന് പത്തോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പ്രതിഷേധം മുന്നിൽ കണ്ട് കണ്ണൂർ ചാലയിലെ കല്ലിടൽ മാറ്റിവച്ചതിന് പിന്നാലെയാണ് എടക്കാട് കല്ലിടാൻ അധികൃതർ എത്തിയത്. പിന്നാലെ പ്രദേശത്തെ വീട്ടമ്മമാരുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. മുൻപ് ദേശീയപാതയ്ക്കും ബൈപ്പാസിനും വേണ്ടി ഭൂമി ഏറ്റെടുത്ത സ്ഥലത്താണ് കെ റെയിൽ എത്തുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
എടക്കാട് വില്ലേജ് ഓഫീസിലും പ്രദേശവാസികളെയും മുൻകൂർ അറിയിച്ചതിന് ശേഷമാണ് കല്ലിടാൻ എത്തിയതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ നാട്ടുകാർ ഇത് നിഷേധിച്ചു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കൂടുതൽ പൊലീസ് എത്തി നാട്ടുകാരെ നേരിടുകയായിരുന്നു.
അതേസമയം, കണ്ണൂർ ചാലയിൽ കല്ല് പിഴുത കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കെ സുധാകരനെതിരെ കേസെടുക്കുന്നത് പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു.