alok-varma-

തിരുവനന്തപുരം: സിൽവർ ലൈനിന്റെ സാങ്കേതിക വശത്തെക്കുറിച്ച് ശക്തമായി എതിർപ്പറിയിച്ച മുൻ റെയിൽവേ എഞ്ചിനീയർ അലോക്വ‌ർമയടക്കമുള്ളവരെ കേൾക്കാൻ തയാറായി സർക്കാ‌ർ. എന്നാൽ സിൽവർലൈൻ സംവാദത്തിൽ പങ്കെടുക്കുമെന്നും വിഷയം കെ റെയിലാണെങ്കിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നും അലോക്‌വർമ പറഞ്ഞു. മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ മുമ്പ് നിരവധി തവണ അവസരം തേടിയിട്ടും ലഭിച്ചിരുന്നില്ല. തുടർന്നാണ് 28ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം അലോക് വർമയ്ക്ക് ലഭിച്ചത്. ചർച്ചയിൽ അലോക്വർമയെ കൂടാതെ സുബോധ് ജെയിൻ, ആർ വി ജി മേനോൻ, ജോസഫ് സി മാത്യൂ എന്നിവരും പങ്കെടുക്കും.

കെ റെയിലിനെ കുറിച്ച് പറയുന്നത് അടിമുടി കള്ളമാണെന്ന് അലോക്വർമ പറഞ്ഞിരുന്നു. പദ്ധതിയുടേത് തട്ടിക്കൂട്ട് ഡി‌പിആർ ആണെന്നും ജിയോളജിക്കൽ സർവേ നടത്തിയിട്ടില്ലെന്നും സിൽവർലൈൻ സ്റ്റാൻഡേഡ് ഗേജ് പ്രായോഗികമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെയോ കാണാനുള്ള അനുമതി തരണമെന്നായിരുന്നു അലോക്വർമയുടെ ആവശ്യം. പക്ഷെ അനുമതി ലഭിച്ചിരുന്നില്ല. ഇത് വിവാദമായതോടെയാണ് 28 ന് കാണാമെന്ന അറിയിപ്പ് അദ്ദേഹത്തിന് ലഭിച്ചത്.

അലോക് വര്‍മയുടെ നേതൃത്വത്തിലായിരുന്നു അര്‍ദ്ധ അതിവേഗ റെയില്‍വേക്കായി ആദ്യം പഠനം നടത്തിയത്. ഇന്ത്യന്‍ റെയില്‍വേയുടെ 'ബ്രോഡ്‌ഗേജ്' രീതി സ്വീകരിക്കാതെ 'സ്റ്റാന്റേര്‍ഡ് ഗേജി'ല്‍ പദ്ധതി നടപ്പാക്കുന്നത് ഗുണകരമാവില്ലെന്ന് അലോക് വര്‍മ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നാണ് കെ റെയില്‍ എം ഡി പറയുന്നത്. എന്നാൽ ഈ റിപ്പോര്‍ട്ടിന് അഞ്ചുപേജുള്ള ഒരു മറുപടി കെ റെയില്‍ എം ഡി ഒപ്പിട്ടുതന്നിട്ടുണ്ടെന്ന് അലോക് വര്‍മ പറയുന്നു.