hijab

ഉഡുപ്പി: ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹർജി നൽകിയ വിദ്യാർത്ഥികളെ കോളേജ് അധികൃതർ പരീക്ഷയെഴുതാൻ അനുവദിച്ചില്ല. കർണാടകയിലെ ക്ലാസ് മുറികളിൽ ഹിജാബ് ഉപയോഗിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച വിദ്യാർത്ഥികളാണിവർ.

പ്ലസ് ടു പരീക്ഷ എഴുതാനെത്തിയ ഈ കുട്ടികൾ ഹിജാബ് ധരിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അധികൃതർ നിരസിച്ചു. ഉഡുപ്പിയിലെ വിദ്യോദയ പിയു കോളേജിലാണ് സംഭവം നടന്നത്. റേഷം, ആലിയ ആസാദി എന്നീ വിദ്യാർത്ഥികൾക്കാണ് പരീക്ഷയെഴുതാൻ സാധിക്കാതെ പോയത്.

അധികൃതരുടെ അനുമതിയ്ക്കായി 45 മിനിറ്റോളം കാത്തു നിന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വിദ്യാർത്ഥികൾ കോളേജിൽ നിന്നിറങ്ങി.

കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്ത് ഹിജാബിന്റെ പേരിൽ പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. നേരത്തെ ഹിജാബ് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു.