net

ന്യൂഡൽഹി: കുറഞ്ഞ ചിലവിൽ ലോകമെങ്ങും ബ്രോഡ്ബാൻ‌ഡ് ഇന്റർനെറ്റ് നൽകുന്ന സാറ്റലൈറ്റ് ഇന്റർ‌നെറ്റ് സംവിധാനത്തിൽ രാജ്യത്തെ ആദ്യ ലൈസൻസ് ഭാരതി എയർടെലിന് പങ്കാളിത്തമുള‌ള വൺവെബിന്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള‌ള സ്‌റ്റാർ‌ലിങ്ക്, റിലയൻസിന്റെ ഡിയോ എന്നിവരെല്ലാം അപേക്ഷിച്ചെങ്കിലും ആദ്യം അനുമതി ലഭിച്ചത് വൺവെബിനാണ്.

കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ഡയറക്‌ട് ടു ഹോം ഡിഷ് ടിവി സേവനം പോലെ ഡിഷ് ആന്റിനയിലൂടെ ഇന്റർനെറ്റ് ലഭിക്കും. നിലവിൽ ഒപ്‌റ്റിക്കൽ ഫൈബർ‌ കേബിൾ ഉപയോഗിച്ചാണ് രാജ്യത്ത് ഇന്റ‌ർനെറ്റ് കണക്ഷൻ. ഇതിലൂടെ പക്ഷെ ഉൾനാടൻ ഗ്രാമങ്ങളിൽ മെച്ചപ്പെട്ട ഇന്റർനെറ്റ് കണക്ഷൻ സാദ്ധ്യമായിരുന്നില്ല. എന്നാൽ ഉപഗ്രഹ ഇന്റർനെറ്റ് കണക്ഷന് ഭൂമിയുടെ ഭ്രമണപഥത്തിലെ നിരവധി ഉപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് ലഭ്യമാകും. ഇതുവഴി കുറഞ്ഞ ചിലവിൽ ബ്രോഡ്‌ബാന്റ് കണക്ഷൻ ലഭിക്കും.

ഭാരതി എയർടെൽ, ഫ്രാൻസിലെ യൂട്ടെൽസാറ്റ് കമ്മ്യൂണിക്കേഷൻസ്, ബ്രിട്ടീഷ് സർക്കാർ എന്നിവർക്ക് വൺവെബിൽ ഓഹരിപങ്കാളിത്തമുണ്ട്. ഹ്യുഗ്സ് എന്ന ഉപഗ്രഹകമ്പനിയുമായി ചേർന്നാണ് രാജ്യത്തെ ഉപഗ്രഹ ബ്രോഡ്‌ബാന്റ് ലഭ്യമാക്കുകയെന്ന് വൺവെബ് അറിയിച്ചു. ഈ ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്നും ഇക്കൊല്ലം വിക്ഷേപിക്കും, ഐഎസ്‌ആർഒയുടെ വാണിജ്യ വിഭാഗവുമായി ന്യൂ സ്‌പേസ് ഇന്ത്യയുമായി ഇതിനായി കമ്പനി കരാറിലേർപ്പെട്ടിട്ടുണ്ട്. പിഎസ്‌എൽവി, ജിഎസ്‌എൽവി-മാർക് ത്രീ എന്നീ റോക്കറ്റുകൾ വിക്ഷേപണത്തിന് ഉപയോഗിക്കും.