
കൊച്ചി: ദിലീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന പരിപാടിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ദിലീപ് ഫാന്‍സ് അസോസിയേഷൻ.
ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന പ്രഖ്യാപിച്ച പരിപാടിയെ തള്ളിയാണ് ദിലീപ് ഫാന്‍സ് അസോസിയേഷൻ രംഗത്തുവന്നത്. പരിപാടിയ്‌ക്കെതിരെ വിമർശനം ഉയർന്നതിനു പിന്നാലെയാണ് വിശദീകരണവുമായി സംഘടനയുടെ വിശദീകരണം.
കോടതിയിൽ ഇരിക്കുന്ന ഒരു കേസിൽ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല തങ്ങളെന്നും കോടതികളിൽ പൂർണ വിശ്വാസമുണ്ടെന്നും ഇവർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംഘടനയുടെ വിശദീകരണം.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...
വരുന്ന മേയ് 4 ന് akma (അങ്ങിനെ ഒരു സംഘടന ഉണ്ടോ എന്ന് അറിയില്ല) എന്ന സംഘടനയുടെ അംഗമായ അജിത്ത് കുമാർ സി. എന്നയാൾ ദിലീപ് ഫാൻസ് അസോസിയേഷൻ എന്ന ബാനറിന് കീഴിൽ എറണാകുളത്ത് നടത്തുവാൻ ഉദ്ദേശിക്കുന്ന പരിപാടികളുമായി നടൻ ദിലീപ് ഫാൻസ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആർക്കും യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു.ഇത്തരം സമരപരിപാടികൾ ദിലീപിൻ്റെ ആരാധകരും അദ്ദേഹത്തിൻ്റെ പേരിലുള്ള സംഘടനകൾക്കും വിശ്വാസമില്ല എന്ന് അറിയിക്കട്ടെ, ബഹുമാന പെട്ട കോടതിയിൽ ഇരിക്കുന്ന ഒരു കേസിൽ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങൾ. ഞങ്ങൾക്ക് കോടതികളിൽ പൂർണ്ണ വിശ്വാസമുണ്ട്. നിലനിൽപ്പിനും ,വയറ്റിപ്പിഴപ്പിനും വേണ്ടി നടി ആക്രമണക്കേസിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ചില ചാനൽ നപുംസക ങ്ങളുടെ വാക്കുകൾ കേട്ട് ഇറങ്ങുന്നവരുടെ കപട ഫാൻസ് അസോസിയേഷൻ നമ്പരുകളിൽ വീഴരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു...
എന്ന്....സ്റ്റേറ്റ് കമ്മിറ്റി..
മുൻപ് ദിലീപിനെതിരെ നടക്കുന്ന വേട്ടയാടലുകൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങിയിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച്. പ്രതിഷേധം ഉദ്ഘാടനം ചെയ്യാൻ സിനിമാ – സീരിയല്‍ സംവിധായകൻ ശാന്തിവിള ദിനേശ് എത്തിയെങ്കിലും പൊലീസ് ഇടപെട്ട് പരിപാടി നിർത്തിവച്ചു.