pet

ഓമന മൃഗങ്ങളെ വീട്ടിൽ താലോലിച്ച് വളർത്താൻ ഇഷ്‌ടമുള്ളവരാണ് നമ്മളിൽ പലരും. പലർക്കും പലവിധത്തിലായിരിക്കും ഇഷ്‌ടമെന്നേയുള്ളൂ. ചിലർക്ക് നായ‌്ക്കളോടാകാം താൽപര്യം. മറ്റു ചിലർക്ക് പൂച്ചയോ, അലങ്കാര മത്സ്യമോ പക്ഷിയോ ഒക്കെയാകാം. പശുവളർത്തുന്നവരുമുണ്ട്. അതാകുമ്പോൾ വരുമാനവും ഉറപ്പാണ്.

എന്നാൽ വീട്ടിൽ വളർത്തരുതെന്ന് പഴമക്കാർ പറയുന്ന ചില ജീവി വർഗങ്ങളുണ്ട്. വാസ്തുശാസ്ത്ര പ്രകാരം വീട്ടിൽ വളർത്തേണ്ടതും, വളർത്താൻ യോഗ്യമല്ലാത്തതുമായ ജീവികളെ കുറിച്ച് അറിയാം.

യോഗ്യമായവ

പശു- വാസ്‌തു ശാസ്ത്രപ്രകാരം പശുത്തൊഴുത്ത് വരേണ്ടതിന് ഉത്തമ സ്ഥാനം വീടിന്റെ തെക്കുവശത്താണ്. ഹൈന്ദവ വിശ്വാസ പ്രകാരം മഹാലക്ഷ്മ‌ി മുതൽ എല്ലാ ദേവതകളും ഗോമാതാവിൽ വസിക്കുന്നുവെന്നാണ്. സകല പൂജകൾക്കും പശുവിൻപാൽ, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ ഉപയോഗിക്കുന്നു. ഇവ ഉപയോഗിച്ചാണ് പഞ്ചഗവ്യമുണ്ടാക്കുന്നത്.

നായ- പ്രാചീനകാലം മുതൽ മനുഷ്യൻ ഏറ്റവും വിശ്വസിച്ച് വളർത്തുന്ന വളർത്തുമൃഗമാണ് നായ. സ്വന്തം ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിൽ പോലും സ്വന്തം യജമാനനെ സംരക്ഷിക്കാൻ നായ‌്ക്കൾ പ്രഥമ പരിഗണന നൽകുന്നു. കേൾവി ശക്തിയും കാഴ്‌ച ശക്തിയും അപാരമാണ് നായ‌്ക്കൾക്ക്. വാസ്‌തു ശാസ്ത്ര പ്രകാരം പട്ടിക്കൂട് ഏത് ദിക്കിൽ വരണമെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ല.

പൂച്ച- നമ്മുടെ ജീവിതത്തിൽ വന്നുചേരുന്ന പല ദോഷങ്ങളും ആ ജീവികൾ ഏറ്റുവാങ്ങാറുണ്ട്. ദോഷമെന്ന നെഗറ്റീവ് എനർജിക്ക് എവിടെയെങ്കിലും സ്ഥിതി ചെയ‌്തേ പറ്റൂ. അങ്ങനെയാണ് ഈശ്വപ്രസാദമുള്ള ഒരാളിലേക്ക് വരേണ്ട ദോഷഫലങ്ങൾ താൻ ഓമനിച്ച് വളർത്തുന്ന പൂച്ചയിലേക്ക് വാരാൻ സാദ്ധ്യത കാണാറ്.

പക്ഷികളും അലങ്കാര മത്സ്യങ്ങളും- വീടിന്റെ കിഴക്ക് ഭാഗത്ത് ഫിഷ് ടാങ്ക് വരുന്നതാണ് ഉചിതം. പക്ഷിക്കൂടിനും ഇതുതന്നെയാണ് സ്ഥാനം.

യോഗ്യമല്ലാത്തവ

വീട്ടിൽ നെഗറ്റീവ് എനർജി ഏറ്റവും കൂടുതൽ സൃഷ്‌ടിക്കപ്പെടുന്ന ജീവികളാണ് വാവലും മൂങ്ങയും. വീട്ടിലും പരിസരത്തും കൂട് വയ‌്ക്കാൻ ഇവയെ അനുവദിക്കരുത്.