
കല്യാണ ചിത്രങ്ങൾ വ്യത്യസ്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ മിക്ക ചെറുപ്പക്കാരും. ഇതിൽ കൂടുതൽ പരീക്ഷണങ്ങളും നടത്തുന്നത് സേവ് ദി ഡേറ്റ് ചിത്രങ്ങളിലാണ്. ആരും ഇതുവരെ തിരഞ്ഞെടുക്കാത്ത തീം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മിക്കവാറും പേരും. ഇവയിൽ സിനിമാ കഥാപാത്രങ്ങൾ തുടങ്ങി കാർട്ടൂൺ കഥാപാത്രങ്ങൾ വരെയായി വേഷപകർച്ച ചെയ്യുന്നവരും ഉണ്ട്. ഇത്തരത്തിൽ ഒരു വ്യത്യസ്‌ത ഐഡിയയുമായി എത്തിയിരിക്കുകയാണ് കേരളത്തിലെ ഒരു ഫോട്ടോഗ്രാഫർ.
സേവ് ദി ഡേറ്റ് ചിത്രങ്ങളിൽ വെറൈറ്റി സൃഷ്ടിക്കുന്നതിൽ വിദഗ്ദ്ധനായ ആത്രേയ ജിബിനാണ് സ്വന്തം സേവ് ദി ഡേറ്റ് വീഡിയോയും ചിത്രങ്ങളും ഒരുക്കുന്നതിനായി ആരും പരീക്ഷിക്കാത്ത ഐഡിയയുമായി എത്തിയത്. കുട്ടികളുടെ പ്രിയപ്പെട്ട കോമിക് കഥാപാത്രങ്ങളായ വിക്രമാദിത്യനും വേതാളവും ആയാണ് വരനും വധുവും തങ്ങളുടെ വിവാഹം ക്ഷണിക്കുന്നതിനായി എത്തിയിരിക്കുന്നത്. ഏപ്രിൽ 25ന് വിവാഹിതരാകുന്ന ഫോട്ടോഗ്രാഫറായ ആത്രേയയുടെയും ചിഞ്ചുവിന്റെയും സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.