
ന്യൂഡൽഹി: ജനങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോൾ രാഹുൽ ഇന്ത്യയിലുണ്ടാകാറില്ലെന്നും അദ്ദേഹം വിദേശത്ത് ആയിരിക്കുമെന്നും പലരും കളിയാക്കാറുണ്ട്. ഇത്തരം വിമർശകരുടെ വായടപ്പിക്കാനായി പാർട്ടി ഇപ്പോൾ ഒരു വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുലിനെ പുകഴ്ത്തിക്കൊണ്ട് മൂന്ന് മിനിറ്റോളം ദൈർഖ്യമുള്ള വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ രാഹുലിനെ ഒരു പോരാളിയായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറച്ച ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ഒട്ടുമിക്ക പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ചിത്രങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി നടന്ന വിവിധ സമരങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇതിലൂടെ തുറന്ന് കാട്ടാനാണ് പാർട്ടി ശ്രമിച്ചിരിക്കുന്നത്.
जो पूछते हैं सवाल कि राहुल गांधी कहाँ थे?
— Congress (@INCIndia) April 22, 2022
जहाँ लोग मुश्किल में थे, हाथ थामने वो वहाँ थे।। pic.twitter.com/6pu5dWPCfb
ഇക്കഴിഞ്ഞ ദിവസം ജഹാംഗീർപുരിയിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന പ്രക്ഷോഭങ്ങളിൽ രാഹുൽ ഉണ്ടായിരുന്നില്ല. അദ്ദേഹം വിദേശത്താണെന്നാണ് സൂചന. ഈ സംഭവത്തിൽ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം പലരും ചോദ്യം ചെയ്തിരുന്നു. സർക്കാരിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ നിങ്ങൾ എന്തിനാണ് രാഹുലിനെ ചോദ്യം ചെയ്യുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്.
ജെഎൻയു, ഹഥ്റാസ്, ധാരാവി, ലഖിംപൂർഖേരി എന്നീ സ്ഥലങ്ങളിലെ പ്രക്ഷോഭങ്ങൾ, നോട്ട് നിരോധനം, കൊവിഡ്, കർഷക പ്രക്ഷോഭം, സിഎഎ, ഇന്ധന വില വർദ്ധന തുടങ്ങിയ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ എന്നിവയിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ജനങ്ങളുടെ പ്രശ്നങ്ങളിൽ രാഹുൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം സ്ഥിരമായി വിദേശത്താണെന്ന് പറയുന്നവർക്കുമുള്ള മറുപടിയാണ് വീഡിയോ.