
മുംബയ്: ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്ത് എടുത്ത ഒരു മണ്ടൻ തീരുമാനത്തിൽ തലയിൽ കൈവച്ച് പോയത് സാക്ഷാൽ ഷെയ്ൻ വാട്സണും അജിത് അഗാർക്കറും ഉൾപ്പെടെയുള്ളവർ. പന്തിന്റെ തീരുമാനത്തിൽ നഷ്ടപ്പെട്ടത് വിലയേറിയ ഒരു റിവ്യൂ കൂടി ആയിരുന്നു. ടീമിലെ ബൗളർ ഒഴികെയുള്ള എല്ലാവരും എതിർത്തിട്ടും റിവ്യൂവും ആയി മുന്നോട്ട് പോകാനായിരുന്നു പന്തിന്റെ തീരുമാനം.
രാജസ്ഥാൻ റോയൽസിനെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ ഇന്നിംഗ്സിന്റെ രണ്ടാമത്തെ ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം. ശാർദൂൽ താക്കൂർ എറിഞ്ഞ ഓവറിന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ദേവ്ദത്ത് പടിക്കലിനെതിരായ എൽ ബി ഡബ്ളിയു അപ്പീൽ അമ്പയർ നിരാകരിച്ചിരുന്നു. എന്നാൽ ബൗളറും മറ്റ് ടീമംഗങ്ങളുമായി ചർച്ച ചെയ്ത ശേഷം പന്ത് റിവ്യൂവിന് പോകാൻ തീരുമാനിക്കുകയായിരുന്നു.
പന്തിന്റെ തീരുമാനം ആ സമയത്ത് ഡൽഹി ക്യാപിറ്റൽസിന്റെ ഡഗ്ഔട്ടിൽ ഉണ്ടായിരുന്ന ഡൽഹി ക്യാപിറ്റൽസ് പരിശീലകരായ ഷെയ്ൻ വാട്സണെയും അജിത് അഗാർക്കറിനെയും അമ്പരപ്പിച്ചിരുന്നു. കമന്റേറ്റർമാർ പോലും പന്തിന്റെ തീരുമാനത്തിൽ അത്ഭുതം രേഖപ്പെടുത്തി. കാരണം ആ പന്ത് ദേവ്ദത്ത് പടിക്കലിന്റെ പാഡിൽ തട്ടുന്നതിന് മുമ്പായിട്ട് പിച്ച് ചെയ്തത് ലെഗ്സ്റ്റംപിന് പുറത്തായിട്ടായിരുന്നു. ഒരു കാരണവശാലും ഇത്തരമൊരു പന്തിൽ എൽ ബി ഡബ്ളിയും അപ്പീൽ അനുവദിക്കില്ല. ഇത് അറിയാവുന്നത് കൊണ്ടാണ് സ്മിത്തും അഗാർക്കറും പന്തിന്റെ തീരുമാനത്തിൽ അത്ഭുതപ്പെട്ടത്.
ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ട റിവ്യൂ ഡൽഹിയുടെ ഇനിയുള്ള സാദ്ധ്യതകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ആദ്യം ബാറ്റ് ചെയ്യുന്ന രാജസ്ഥാൻ നാല് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 26 റൺസ് എടുത്തിട്ടുണ്ട്. ഓപ്പണർമാരായ ദേവ്ദത്ത് പടിക്കലും ജോസ് ബട്ടലറുമാണ് ക്രീസിൽ.