
ടെൽ അവീവ്: ജെറുസലേമിലെ അൽ അഖ്സ പള്ളിയ്ക്ക് സമീപം ഇസ്രയേൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 31 പാലസ്തീനികൾക്ക് പരിക്കേറ്റു. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്.
രാവിലെ പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു സംഭവം.
200ഓളം പേരാണ് പൊലീസുമായി ഏറ്റുമുട്ടിയത്. അക്രമികളിൽ ചിലർ പൊലീസിന് നേരെ കല്ലുകളെറിഞ്ഞു. അക്രമികൾക്ക് നേരെ പൊലീസ് ഗ്രനേഡുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പള്ളിയിൽ നടന്നുവരുന്ന സംഘർഷങ്ങളുടെ തുടർച്ചയായിട്ടാണ് ഇന്നലെയും ആക്രമണം നടന്നത്. മുസ്ലീങ്ങൾക്കിടയിൽ ഹറം അൽ ഷരീഫ് എന്നും ജൂത വിശ്വാസികൾക്കിടയിൽ നോബിൾ മൗണ്ട് എന്നും അറിയപ്പെടുന്ന 35 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇവിടം കേന്ദ്രീകരിച്ച് ഇസ്രയേൽ സൈന്യവും പലസ്തീനികളും തമ്മിൽ കഴിഞ്ഞാഴ്ചയും സംഘർഷം നടന്നിരുന്നു.