
മുംബയ്: ഐ പി എൽ സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി ജോസ് ബട്ട്ലർ നിറഞ്ഞാടിയപ്പോൾ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ വിജയലക്ഷ്യം നൽകി രാജസ്ഥാൻ റോയൽസ്. അവസാന ഓവറുകളിൽ ക്യാപ്ടൻ സഞ്ജു സാംസൺ നടത്തിയ വെടിക്കെട്ട് കൂടി ആയപ്പോൾ ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എടുത്തു.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ മെല്ലെ തുടങ്ങിയ ബട്ട്ലറിന്റെ നേതൃത്വത്തിൽ സാമാന്യം പതുക്കെയാണ് രാജസ്ഥാൻ ബാറ്റിംഗ് തുടങ്ങിയത്. എന്നാൽ ആദ്യ മൂന്ന് ഓവർ കഴിഞ്ഞതോടെ രാജസ്ഥാൻ റോയൽസ് തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തു. പിന്നെ അങ്ങോട്ട് മുംബയ് വാങ്കഡെ സ്റ്റേഡിയം ഡൽഹി ബൗളർമാരുടെ ശവപ്പറമ്പ് ആകുകയായിരുന്നു.
65 പന്തിൽ 116 റൺസെടുത്ത ബട്ട്ലറിന് ഓപ്പണർ ദേവ്ദത്ത് പടിക്കൽ മികച്ച പിന്തുണയാണ് നൽകിയത്. പടിക്കൽ 35 പന്തിൽ 54 റൺസെടുത്ത് പുറത്തായി. എന്നാൽ പടിക്കലിന് പിന്നാലെ വന്ന സഞ്ജു രണ്ടും കല്പിച്ചുള്ള ആക്രമണമാണ് നടത്തിയത്. 19 പന്തിൽ 46 റൺസെടുത്ത സഞ്ജുവിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാനെ 200 കടത്താൻ സഹായിച്ചത്.
മറുപടി ബാറ്റിംഗിൽ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടമൊന്നും കൂടാതെ 25 റൺസെടുത്തിട്ടുണ്ട്. പ്രിഥ്വി ഷായും ഡേവിഡ് വാർണറുമാണ് ക്രീസിൽ. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ സ്കോർ ഡൽഹിക്ക് മറിക്കടക്കാനാകുമോ എന്നതാണ് ഇനിയുള്ള ചോദ്യം.