kerala

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടി ആതിഥേയർ കൂടിയായ കേരളം. ഇത്തവണത്തെ ടൂർണമെന്റിൽ സെമിയിലെത്തുന്ന ആദ്യ ടീം കൂടിയാണ് കേരളം. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് കേരളം സ്വന്തം കാണികളുടെ മുന്നിൽ വിജയത്തീരമണിഞ്ഞത്.

ക്യാപ്ടൻ ജിജോ ജോസഫ് തന്നെയാണ് കേരളത്തിന്റെ രണ്ട് ഗോളുകളും നേടിയത്. ഇതോടെ ടൂർണമെന്റിൽ ജിജോ ഇതുവരെ അഞ്ച് ഗോളുകൾ സ്കോർ ചെയ്തു. 12ാം മിനിട്ടിൽ പഞ്ചാബാണ് ആദ്യം ലീഡ് നേടുന്നത്. മൻവീർ സിംഗിന്റെ ഗോളിൽ നേടിയ ലീഡ് പക്ഷേ അധിക നേരം കാത്തുസൂക്ഷിക്കാൻ അവർക്ക് സാധിച്ചില്ല. മത്സരത്തിന്റെ 17ാം മിനിട്ടിൽ കേരളത്തിന് വേണ്ടി ക്യാപ്ടൻ ജിജോ ജോസഫ് സമനില നേടി. തുടർന്ന് രണ്ടാം പകുതിയുടെ 86ാം മിനിട്ടിൽ ജിജോ തന്നെ കേരളത്തിന്റെ വിജഗോൾ നേടുകയായിരുന്നു.

കേരളത്തിന്റെ സ്‌കില്ലും പഞ്ചാബിന്റെ ശാരീരിക കരുത്തും തമ്മിലുള്ള മത്സരമായിരുന്നു ഇന്ന് മലപ്പുറം കണ്ടത്. കഴിഞ്ഞ മത്സരത്തിൽ മേഘാലയയോട് സമനിയ വഴങ്ങിയ ആദ്യ ഇലവനിൽ രണ്ട് മാറ്റങ്ങളുമായി ആണ് കേരളം ഇറങ്ങിയത്. സഫ്നാദിനും നിജോ ഗിൽബേർട്ടിനും പകരം സൽമാനും ഷികിലും ആദ്യ ഇലവനിലെത്തി. പഞ്ചാബ് നിരയിൽ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു.

12ാം മിനിട്ടിൽ കേരള പ്രതിരോധം വരുത്തിയ പിഴവിൽ നിന്നായിരുന്നു പഞ്ചാബിന്റെ ഗോൾ. വലത് വിങ്ങിൽ നിന്ന് മൻവീറിന് ലഭിച്ച പന്ത് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചു. കേരളാ ഗോൾകീപ്പർ മിഥുൻ സേവ് ചെയ്‌തെങ്കിലും കൈയിൽ തട്ടി ഗോളായി മാറുകയായിരുന്നു. 17 ാം മിനിട്ടിൽ അർജുൻ ജയരാജ് മനോഹരമായി ഇടതു വിങ്ങിൽ നിന്ന് ബോക്സിലേക്ക് നൽകിയ ബോൾ ക്യാപ്ടൻ ജിജോ ജോസഫ് ഹെഡറിലൂടെ ഗോളാക്കി മാറ്റി കേരളത്തിന് സമനില നേടിക്കൊടുത്തു.

സമനില നേടിയ ആവേശത്തിൽ കേരളം കൂടുതൽ ആക്രമണകാരികളായെങ്കിലും പഞ്ചാബ് പ്രതിരോധം ഉറച്ചുനിന്നതിനാൽ ഗോളുകൾ ഒന്നും വീണില്ല. തുടർന്ന് 86ാം മിനിട്ടിൽ ഇടതു വിങ്ങിൽ നിന്ന് സഞ്ജു നൽകിയ പാസ് ബോക്സിൽ പഞ്ചാബ് പ്രതിരോധ താരങ്ങളുടെ പിന്നിൽ നിന്നിരുന്ന ജിജോ ഗോളാക്കി മാറ്റുകയായിരുന്നു.