
ന്യൂയോർക്ക് : വടക്കുകിഴക്കൻ യു.എസിൽ മഞ്ഞുവീഴ്ചയും കാറ്റും ശക്തം. ഇതോടെ മൂന്നു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി തടസപ്പെട്ടു. റോഡുകളെയും പാലങ്ങളെയും മഞ്ഞ് മൂടിയത് ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 64 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ ഹിമക്കാറ്റിൽപ്പെട്ട് ചില മേഖലകളിൽ മരങ്ങൾ കടപുഴകി വീണു.
ന്യൂയോർക്കിലെ ബിൻഗാംടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 14.2 ഇഞ്ച് കനത്തിൽ വരെയാണ് ഇവിടെ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. ന്യൂയോർക്കിലെ വിർജിൽ നഗരത്തിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച. അതേ സമയം, വിർജീനിയയിലും മഞ്ഞ് വീഴ്ച ജനജീവിതത്തെ കാര്യമായി ബാധിച്ചു. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച ശക്തമായേക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.