fire

തിരുവനന്തപുരം: ജനങ്ങളെ ആദ്യം പരിഭ്രാന്തരാക്കിയും പിന്നെ കൗതുകമുണർത്തിയും സെക്രട്ടേറിയറ്റിൽ മോക്‌ഡ്രിൽ. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ മോക്‌ഡ്രിൽ സംഘടിപ്പിച്ചത്. അനക്‌സ് ബിൽഡിംഗിലെ മൂന്നാം നിലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നായിരുന്നു രാവിലെ 11.15 ഓടെ പുക ഉയർന്നത്. ചെങ്കൽച്ചൂളയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് പാഞ്ഞെത്തി. 15 മിനിട്ട് കൊണ്ട് തീ അണച്ചു. മുന്നൂറോളം പേരെ ഒഴിപ്പിച്ച് സമീപത്തെ സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് മാറ്റി. പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് പേരെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

മോക്ഡ്രിൽ വിവരം കന്റോൺമെന്റ് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതിനാൽ ഇവരും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആംബുലൻസിന് ജനറൽ ആശുപത്രിയിൽ എത്താനുള്ള വഴി പൊലീസാണ് ഒരുക്കിയത്.

സെക്രട്ടേറിയറ്റ് സുരക്ഷാ വിഭാഗം,​ ആരോഗ്യ വിഭാഗം തുടങ്ങിയവരും മോക്ഡ്രില്ലിൽ പങ്കെടുത്തു. സെൻട്രൽ സ്‌റ്റേഡിയമായിരുന്നു ജനങ്ങളുടെ ഇവാക്വേഷൻ സെന്ററായി നിശ്ചയിച്ചിരുന്നത്.

മോക്ഡ്രില്ലിന് ശേഷം ഫയർഫോഴ്സ് റീജിയണൽ ഡയറക്ടർ ‌ടി.ദിലീപന്റെ നേതൃത്വത്തിൽ ഫയർ എക്‌സിറ്റിംഗ്യൂഷർ ഉപയോഗിക്കാനും തീപിടിച്ച കെട്ടിടത്തിൽ അകപ്പെട്ടാൽ എന്തൊക്കെ ചെയ്യണം,​ കുട്ടികൾക്ക് ശ്വാസതടസമോ മറ്റോ ഉണ്ടാവുകയാണെങ്കിൽ പരിഭ്രാന്തരാകാതെ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനവും നൽകി.