v

മും​ബ​യ്:​ ​ആവേശോജ്വലവും അവസാന ഓവറിൽ നാടകീയ രംഗങ്ങളും കണ്ട ഐ.പി.എൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് 15 റൺസിന് ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. സീ​സ​ണി​ലെ​ ​മൂ​ന്നാം​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​നി​റ​ഞ്ഞാ​ടി​യ​ ​ഇം​ഗ്ലീ​ഷ് ​ഓ​പ്പ​ണ​ർ​ ​ജോ​സ് ​ബ​ട്ട്‌​ല​റു​ടെ​ ​വെ​ടി​ക്കെ​ട്ട് ​ബാ​റ്റിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ ആദ്യം ബാറ്റ് ചെയ്ത​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ് 20​ ​ഓ​വ​റി​ൽ​ 2​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 222​ ​റ​ൺ​സ് ​എ​ന്ന​ ​കൂ​റ്റ​ൻ​ ​ടോ​ട്ട​ൽ​ ​നേ​ടി.​ മറുപടിക്കിറങ്ങിയ രാജസ്ഥാൻ മികച്ച രീതിയിൽ പോരാടിയെങ്കിലും 20 ഓവറിൽ 207/8ൽ അവരുടെ വെല്ലുവിളി അവസാനിച്ചു.

അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ 36 റൺസ് വേണമായിരുന്നു. ഒബെദ് മക്കോയി എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും റോവ്‌മാൻ പവൽ സിക്സടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിലായി. ഇതിൽ മൂന്നാം പന്ത് നോബാളാണെന്ന് വാദിച്ച് ഡൽഹി താരങ്ങൾ രംഗത്തെത്തിയതോടെ മത്സരത്തിന് വിവാദമാനം കൈവന്നു. ഫുൾടോസ് ആയി വന്ന പന്തിന്റെ ഉയരമായിരുന്നു പ്രശ്നം. എന്നാൽ അംപയ‌ർ നോബാൾ പരിശോധിക്കാൻ തയ്യാറാകാതെ വന്നതോടെ ഡഗൗട്ടിൽ നിന്ന് ഡൽഹി നായകൻ റിഷഭ് പന്ത് ബാറ്റർമാരെ തിരിച്ചു വിളിക്കാൻ ശ്രമിച്ചു. ഡൽഹിയുടെ കോച്ചിംഗ് സ്റ്റാഫംഗം ഗ്രൗണ്ടിലെത്തി അമ്പയർമാരോട് തർക്കിച്ചു. എന്നാൽ അമ്പയർമാർ തീരുമാനത്തിൽ ഉറച്ചു നിന്നു. തുടർന്ന് മൂന്ന് പന്തിൽ രണ്ട് റൺസ് വഴങ്ങി പവലിന്റെ വിക്കറ്റും എടുത്ത മക്കോയി മികച്ച തിരിച്ചുവരവ് നടത്തി രാജസ്ഥാന്റെ ജയം ഉറപ്പിക്കുകയായിരുന്നു. പവൽ 15 പന്തിൽ 5 സിക്സുൾപ്പെടെ 36 റൺസ് നേടി. പന്ത് (44)​,​ ലളിത് യാദവ് (37)​ പ്രിഥ്വി ഷാ (37)​,​ വാർണർ (28)​ എന്നിവരും ഡൽഹിക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണ മൂന്നും അശ്വിൻ രണ്ടും വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ബട്ട്‌ലറും ദേവ്ദത്ത് പടിക്കലും ഗംഭീര തുടക്കമാണ് നൽകിയത്. ​65 പ​ന്ത് ​നേ​രി​ട്ട​ ​ബ​ട്ട്‌​ല​ർ​ 9​ ​വീ​തം​ ​സി​ക്സും​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ 116​ ​റ​ൺ​സാണ് ​നേ​ടിയത്.​ ​ഒ​ന്നാം​ ​വി​ക്ക​റ്റി​ൽ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ദേ​വ്ദ​ത്ത് ​പ​ടി​ക്ക​ലി​നൊ​പ്പം​ (35 പന്തിൽ 54)​ 15.1​ ​ഓ​വ​റി​ൽ​ 155​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ട് ​ബ​ട്ട്‌​ല​ർ​ ​പ​ടു​ത്തു​യ​ർ​ത്തി.​ ​പ​ടി​ക്ക​ൽ​ ​ഖ​ലീ​ലി​ന്റെ​ ​പ​ന്തി​ൽ​ ​പു​റ​ത്താ​യ​ ​ശേ​ഷം​ ​എ​ത്തി​യ​ ​ക്യാ​പ്ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ണും​ ​നി​റ​ഞ്ഞാ​ടി.​ ​പു​റ​ത്താ​കാ​തെ​ 19​ ​പ​ന്തി​ൽ​ 5​ ​ഫോ​റും​ 3​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 46​ ​റ​ൺ​സാ​ണ് ​സഞ്ജു ​ ​നേ​ടി​യ​ത്.​ ​ഹെ​റ്റ്‌​മേ​യ​ർ​ ​സ​ഞ്ജു​വി​നൊ​പ്പം​ 1​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.